ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റ് നാളെ റിമാന്‍ഡ് ചെയ്യും. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ശങ്കര്‍ദാസ് . എ.പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമായിരുന്നു
നേരത്തെ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി എസ്ഐടിയോടു ആരാഞ്ഞു. ഒരാൾ പ്രതി ചേർത്ത അന്നു മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും, അയാളുടെ മകൻ എസ്പി ആയതുകൊണ്ടാണോ ഇത്തരമൊരു വീഴ്ചയെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ എസ്ഐടിയോടു ചോദിച്ചു.
Also Read: വാജി വാഹനവും അന്വേഷണ പരിധിയില്‍
മുൻപ് പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോർഡ് ഭരണസമിതിയിലെ രണ്ട് അംഗങ്ങൾക്കുനേരെ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് കോടതി ചോദിച്ചത്. സ്വർണ വ്യാപാരി ഗോവർധൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുരാരി ബാബു എന്നിങ്ങനെ ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്നു പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ഇതിനു ശേഷമാണ് എസ്ഐടി ശങ്കരദാസിനെ അടക്കം പ്രതിചേർത്തത്. എന്നാൽ കേസെടുത്തതിനു പിന്നാലെ ശങ്കരദാസ് ആശുപത്രിയിൽ പക്ഷാഘാതത്തിനു ചികിത്സ തേടി. ശങ്കരദാസ് ബോധരഹിതനായി ആശുപത്രിയില്‍ ചികില്‍സയിലാണെന്നു കാണിച്ച് അഭിഭാഷകന്‍ ഫോട്ടോ കോടതിയില്‍ ഹാജരാക്കി. ആശുപത്രി രേഖകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട് നല്‍കാന്‍ എസ്.ഐ.ടിയോട് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍കോര്‍ട് ആവശ്യപ്പെട്ടു. ബോധരഹിതനായ അവസ്ഥയില്‍ കിടക്കുന്ന രോഗിയില്‍ നിന്നും ഒന്നും ചോദിച്ചറിയാവുന്ന അവസ്ഥയലെല്ലെന്നും ശങ്കര്‍ദാസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്ത നടപടിയെ പ്രതിപക്ഷം അടക്കം ചോദ്യം ചെയ്തിരുന്നു.
ക്രമക്കേട് നടക്കുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമെന്നുള്ള രീതിയിൽ ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.