സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തിരി തെളിയുമ്പോൾ മലയാളികൾ ഓർത്തിരിക്കുന്ന ഒരു ഭാവഗായകൻ ഉണ്ട്. കേരളത്തിൻറെ സ്വന്തം പി. ജയച്ചന്ദ്രൻ. അദ്ദേഹത്തിൻ്റെ കലോത്സവ ചിന്തകൾ പങ്കുവയ്ക്കുകയാണ് മകൾ ലക്ഷ്മി.
തൃശൂരിൻ്റെ മണ്ണിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുമ്പോൾ ആ ശബ്ദസാഗരത്തിൻ്റെ ഇരമ്പൽ കേൾക്കാതെ ഒരു കലാമേളയ്ക്കും കടന്നുപോകാനാവില്ല. ഒന്ന് ശ്രുതി താഴ്ത്തിയെങ്കിലും അദ്ദേഹത്തിൻ്റെ ഗാനങ്ങൾ നാം മൂളും. കലോത്സവത്തിനൊപ്പം ഇന്ന് മകരവിളക്കു കൂടി തെളിയുമ്പോൾ ജയച്ചന്ദ്രൻ മലയാളി മനസ്സുകളിൽ പരത്തിയ പ്രകാശത്തിന് മാറ്റുകൂടും. അത്രയേറെ അയ്യപ്പഭക്തിഗാനങ്ങൾ അദ്ദേഹം നമ്മളെ പാടിക്കേൾപ്പിച്ചിട്ടുണ്ട്. പൂരനഗരിയിൽ കലോത്സവം കൊട്ടിക്കയറുമ്പോൾ വർഷമായാലും വേനലായാലും പാടാനും പാടി കേൾക്കാനും ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്.
1958 ൽ തിരുവനന്തപുരത്ത് നടന്ന രണ്ടാം യുവജനോത്സവത്തിൽ ഒരു ഇരിങ്ങാലക്കുടക്കാരൻ പങ്കെടുത്തു. എട്ടാം ക്ലാസുകാരൻ ജയചന്ദ്രൻ കുട്ടൻ. അധ്യാപകന്റെ നിർബന്ധത്തിൽ വഴങ്ങി കലോത്സവത്തിന് എത്തിയ അവന് മൃദംഗത്തിൽ ഒന്നാം സ്ഥാനവും ലളിത ഗാനത്തിൽ രണ്ടാം സ്ഥാനം കിട്ടി. അന്ന് ഒന്നാം സ്ഥാനത്തിന് അർഹനായത് കേരളക്കരയുടെ ഗാനഗന്ധർവ്വർ യേശുദാസ്. സമാപന ചടങ്ങിൽ ജേതാവായവർ ഒരു കച്ചേരി നടത്തി ഗാനമാലപിച്ചത് യേശുദാസ് ആണെങ്കിൽ മൃദംഗം വായിച്ചത് പി ജയചന്ദ്രൻ. മലയാളികൾ ഇപ്പോഴും മനസ്സിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരു ഫോട്ടോയാണിത്. കലയുടെ കുടക്കീഴിൽ ഓർമ്മകൾ ഓർത്തെടുക്കുമ്പോൾ പി ജയചന്ദ്രനെ ആർക്കും മറക്കാനാകില്ല.