സംസ്ഥാന സ്കൂൾ കലോൽസവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലയാണ് മതമെന്നും വര്‍ഗീയതയുടെ തിട്ടൂരങ്ങള്‍ കലയില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച വരെ നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിനായി തൃശൂരിലെ വേദികൾ സജ്ജം. സ്വാഗത നൃത്തം ഉദ്ഘാടന വേദിയെ നിറപകിട്ടുള്ളതാക്കി. കലാമണ്ഡലം ഗോപി, ഐ.എം. വിജയൻ തുടക്കിയവർ മുഖ്യാതിഥികളായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെ ഒട്ടേറെ ജനപ്രതിനിധികൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
പൂരനഗരിയെ സാക്ഷിയാക്കി മേള പ്രമാണിമാർ തീർത്ത നാദവിസ്മയം കലാപൂരത്തിന് വൻ വരവേൽപ്പേകി. മത്സരം മറന്ന് ഒന്നിക്കാനുള്ള ആഹ്വാനമായിരുന്നു മേളപ്പെരുക്കത്തിലൂടെ കുട്ടികൾക്ക് നൽകിയത്.
ചെണ്ടപ്പുറത്തു കോലു വീഴുന്നിടത്തൊക്കെ എത്തുന്ന കൗമാര കാലത്തിന്റെ മഹാമേളക്ക് ഇതിലും മികവാർന്ന സ്വീകരണം വേറെന്തുണ്ട്. പൂരപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന കിഴക്കൂട്ടും ചെറുശ്ശേരിയും ഒത്തുപിടിച്ച് ചെമ്പട കൊട്ടി തുടങ്ങി. പിന്നെ പാണ്ടി കൊലുമ്പി, എല്ലാ കാലങ്ങളിലേക്കും കൊട്ടിക്കേറി. 64ാമത് കലോൽസവത്തിന് ശക്തൻറ്റ മണ്ണിലേക്കെത്തിയ കൗമാര കൂട്ടത്തെ വരവേൽക്കാൻ 64 മുത്തുക്കുടകളുമായി പെൺകൊടിമാർ മേളക്കാർക്ക് പിന്നിൽ നിരന്നു. ഒരുമയോടെ മത്സരമില്ലാതെ തട്ടകത്തു ഉത്സവം കൊണ്ടാടി തിരിച്ചു പോകു എന്ന് മേളപ്രമാണിമാരും ആശംസിച്ചു. തുറന്ന പാണ്ടിയിൽ നിന്ന് പഞ്ചരിയിലേക്ക് മാറിയ നേരത്ത് കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയും മേളം ആസ്വദിക്കാനെത്തി.