rahul-cyber-attack

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് കാരണമായ കേസിലെ പരാതിക്കാരിക്ക് നേരെ വ്യാപക സൈബര്‍ ആക്രമണം. അതിജീവിത നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. മൂന്നാം കേസിലെ തെളിവുകള്‍ ആയുധമാക്കി ആദ്യ രണ്ട് കേസിലെ നിയമതടസം മറികടക്കാന്‍ പൊലീസ്. താല്‍കാലിക അറസ്റ്റ് വിലക്ക് റദ്ദാക്കാനായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ആദ്യ കേസിലെ അതിജീവിത നേരിട്ട സമാന അവസ്ഥയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മൂന്നാം ബലാല്‍സംഗക്കേസിലെ അതിജീവിതയും. രാഹുല്‍ അറസ്റ്റിലായതിന് പിന്നാലെ വ്യാപക സൈബറാക്രമണം. ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച് വരെ രാഹുല്‍ അനുയായികള്‍ ആക്രമണം തുടരുന്നു. സഹികെട്ടതോടെ അന്വേഷണസംഘത്തോട് അതിജീവിത പരാതി നല്‍കി. ആദ്യ കേസിലെ അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറടക്കം ഒട്ടേറെപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ആഴ്ചകളോളം ജയിലില്‍ കിടന്ന് കോടതിയില്‍ മാപ്പും പറഞ്ഞിട്ടാണ് രാഹൂല്‍ ഈശ്വറിന് ജയിലിന് പുറത്തിറങ്ങാന്‍ സാധിച്ചത്. അതേ നടപടി ഈ പരാതിയിലുമെടുക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. അതിനായി  സൈബറാക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടെ പരിശോധന പൊലീസ് തുടങ്ങി. 

മൂന്നാം കേസില്‍ അറസ്റ്റിലായതും ലഭിച്ച തെളിവുകളും ഉപയോഗിച്ച് ഒന്നാം കേസില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ താല്‍കാലിക അറസ്റ്റ് വിലക്ക് മറികടക്കാനാണ് പൊലീസ് ശ്രമം. അതിനായി ഈ കേസിലെ പരമാവധി തെളിവുകള്‍ ശേഖരിച്ച് അടുത്ത ആഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്ഥിരം കുറ്റവാളിയെന്ന് ആരോപിക്കും. 21നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അറസ്റ്റ് വിലക്ക് മറികടക്കാനായാല്‍ ആ കേസിലും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യാനാവും. ഇതോടെ ആഴ്ചകളോളം രാഹുലിനെ ജയിലിലടക്കാനാകുമെന്നും എസ്.ഐ.ടി പ്രതീക്ഷിക്കുന്നു. രണ്ടാം കേസിലെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

Rahul Mankootathil's arrest has triggered a cyber attack against the complainant in the case. Following the survivor's complaint, the DGP has instructed the police to register a case, potentially using evidence from the third case to overcome legal obstacles in the first two cases.