പ്രവാസി യുവതിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതി മൂന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിന് കൊണ്ടുപോകും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടെത്താനുണ്ടെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷ 16ന് പരിഗണിക്കും .
Also Read: ‘നമ്പർ വൺ കോഴി' ട്രോഫിയുമായി യുവമോര്‍ച്ച; രാഹുലിന് നല്‍കാനെന്ന് പ്രതിഷേധക്കാര്‍.
അതേസമയം, കേസിനെതിരെ കോടതിയില്‍ പ്രതിഭാഗം ശക്തമായി വാദിച്ചു. അറസ്റ്റിന്റെ സമയത്ത് കേസിന്റെ പൂർണ വിവരങ്ങൾ പ്രതിയെ അറിയിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. സാക്ഷികൾ വേണമെന്ന മിനിമം നിയമപരമായ നടപടികൾ പോലും പാലിച്ചില്ലെന്നും ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് അറസ്റ്റ് നടന്നതെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റ് നോട്ടിസിൽ പ്രതി ഒപ്പിടാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ കോടതി വിശദീകരണം തേടി.
കേസിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇതൊരു അനാവശ്യമായ കേസാണെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. അത്തരത്തിലൊരു കേസിൽ കസ്റ്റഡി അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. എംഎൽഎയെ പൊതുവഴിയിൽ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു. മെഡിക്കൽ തെളിവുകൾ ശേഖരിക്കാതെയായിരുന്നു അറസ്റ്റ് നടത്തിയതെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. താമസസ്ഥലം ബുക്ക് ചെയ്തത് പരാതിക്കാരിയാണെന്ന വാദവും പ്രതിഭാഗം മുന്നോട്ടുവച്ചു.
രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്നായിരുന്നു മറ്റൊരു ആരോപണം. ഇതിനുമുമ്പ് തന്നെ മതിയായ സമയം കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ടെന്നും ഇനി ഒന്നും വീണ്ടെടുക്കാനില്ലെന്നും പ്രതിഭാഗം അറിയിച്ചു. എന്നാൽ പ്രത്യേക അന്വേഷണ സംഘം ഇനിയും കണ്ടെത്താനുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ടെന്ന നിലപാട് കോടതിയെ അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചു. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ കോടതി തീരുമാനിച്ചത്. ഇതോടെ രാഹുൽ കസ്റ്റഡിയിലേക്ക് മാറ്റപ്പെട്ടു. ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്നും അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിലേക്ക് പ്രതിയെ കൊണ്ടുപോകുമെന്നും കോടതി വ്യക്തമാക്കി.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രതിഷേധം ഇന്നുമുണ്ടായി. ‘നമ്പർ വൺ കോഴി' എന്ന ട്രോഫിയുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. രാഹുലിന് നൽകാനാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടയാന്‍ ശ്രമം നടന്നു.