TOPICS COVERED

ക്വിസാണോ അതോ പ്രചാരണമോ?  മുഖ്യമന്ത്രിയുടെ പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മെഗാ ക്വിസിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്.  വിദ്യാര്‍ഥികള്‍ക്ക് ക്വിസ് നടത്തി എല്ലാ ഉത്തരവും മുഖ്യമന്ത്രിയെന്നു പറയിപ്പിക്കാന്‍ നാണമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അതേസമയം സ്കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി  വിദ്യാഭ്യാസ ജില്ലകളില്‍ മത്സരം സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ് സംഘാടകര്‍. 

നവകേരളവും വികസനവും ആണ് വിഷയമെങ്കിലും തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍  ഇരുത്തി ചിന്തിപ്പിച്ചുകളയും സിഎം മെഗാ ക്വിസിലെ പല ചോദ്യങ്ങളും ഉത്തരങ്ങളും.  ഒരു ചോദ്യം നോക്കുക.  ഇന്ത്യയില്‍ ആദ്യമായി അതിദാരിദ്യ നിര്‍മാര്‍ജനം നടത്തിയ സംസ്ഥാനം കേരളമാണ്. 2005 നവംബര്‍ ഒന്നിന് ഈ പ്രഖ്യാപനം നടത്തിയതാര്? ഉത്തരം പിണറായി വിജയന്‍.  അതിദാരിദ്ര്യ നിര്‍മാര്‌ജനത്തേക്കാള്‍ അത് പ്രഖ്യാപിച്ചയാളാണ് മുഖ്യം എന്ന് വിദ്യാര്‍ഥികള്‍ക്ക് പിടികിട്ടി. ഇനി ഒന്നുകൂടിനോക്കാം. ചോദ്യം 2005 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭാ യോഗം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയുണ്ടായി. നിലവില്‍ അര്‍ഹരായവര്‍ക്ക് എത്രതുകയാണ് ലഭിക്കുന്നത്? മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലല്ലാതെ സാധാരണ മന്ത്രിസഭായോഗം ചേരുമോ എന്നതാണ് ഇതിനുള്ള മറുചോദ്യം.  സാധ്യമായിടത്തെല്ലാം മുഖ്യമന്ത്രിയുടെ പേരുപറയിപ്പിക്കുക എന്നതാണ്  ക്വിസിന്‍റെ ലക്ഷ്യമെന്ന വിമര്‍ശനം ഉയരുന്നത് സ്വാഭാവികം. 

ആരു വിമര്‍ശിച്ചാലും കൊള്ളാം കേരളത്തിലെ സ്കൂള്‍കോളജ് വിദ്യാര്‍ഥികള്‍ ഇടത് സര്‍ക്കാരും സഹയാത്രികരും എഴുതിയത് പഠിച്ച് ക്വിസ് മത്സരത്തില്‍ പങ്കെടുക്കും, മുന്തിയ സമ്മാനങ്ങളും നേടും.  ഒന്നാം സ്ഥാനത്തിന്  5 ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് 3, മൂന്നാം സ്ഥാനത്തിന് 2 ലക്ഷം വീതമാണ് സമ്മാന തുക. 

ENGLISH SUMMARY:

Kerala Quiz competition organized by the government is facing criticism. The quiz questions appear to heavily promote the Chief Minister rather than focusing on general knowledge.