TOPICS COVERED

നവ കേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജ്ജി നൽകി. സിപിഎമ്മിന്റെ  പ്രവർത്തകരെയും അനുഭാവികളെയും അണിനിരത്തിക്കൊണ്ട് കേരളത്തിലെ 80 ലക്ഷം വീടുകളിലേക്ക് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചും ഇനി മുന്നോട്ടു വെക്കേണ്ട വികസന കാഴ്ചപ്പാടുകളെ കുറിച്ചും പഠനം നടത്തി 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ മുന്നണിയുടെ മാനിഫെസ്റ്റോ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ  20 കോടി രൂപ സർക്കാർ ഫണ്ട്  ചിലവഴിച്ചുകൊണ്ടാണ് സർവ്വേ വിഭാവനം ചെയ്തിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന പ്രസ്തുത പദ്ധതി പൊതു ഖജനാവിന്റെ ദുർവിനിയോഗവും നിയമവിരുദ്ധമായി ഭരിക്കുന്ന, പാർട്ടിക്കും മുന്നണിക്കും സർക്കാർ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണെന്ന്   കെ.എസ്‌.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു.  ഈ പദ്ധതിയെ ചോദ്യം ചെയ്തു കൊണ്ടാണ്  കേരള ഹൈക്കോടതിയിൽ അലോഷ്യസ് സേവ്യർ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തുടർ നടപടികൾക്കായി ഈ മാസം ഇരുപത്തി ഒന്നിലേക്ക് കേസ്  മാറ്റി.കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറി കൂടിയായ അഡ്വ.ജയ്ൻ ജയ്സൺ പൊട്ടക്കലാണ് അലോഷ്യസ് സേവ്യറിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

 യഥാർത്ഥ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരമായി സർക്കാർ ഖജനാവിന്റെ പണം പൂർണമായും പിആർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് എന്ന വിമർശനവും അലോഷ്യസ് സേവ്യർ ഹർജിയിൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ആരംഭം കുറിച്ച ചീഫ് മിനിസ്റ്റേഴ്സ് ക്വിസ് പരിപാടിയും  സർക്കാരിന്റെ ഇതേ മാതൃകയിലുള്ള മറ്റൊരു പിആർ പ്രവർത്തനമാണ് എന്ന് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.ഇതിനെതിരെ ബദൽ ക്വിസ് മത്സരങ്ങൾ യൂണിറ്റ് തലങ്ങളിൽ കെ.എസ്.യു സംഘടിപ്പിച്ചിരുന്നു. 

സർക്കാരിന്റെ വീഴ്ചകളെയും ഇടതുപക്ഷ ജനാധിപത്യത്തെ മുന്നണിയുടെ പൊള്ളത്തരങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്നും അലോഷ്യസ് സേവ്യർ കൂട്ടി ചേർത്തു.  ഖജനാവിലെ പണം കൊള്ളയടിക്കുന്ന പിണറായി വിജയൻ സർക്കാരിൻ്റെ ചെയ്തികൾ പൊതു സമൂഹം തിരിച്ചറിയുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ENGLISH SUMMARY:

Aloysius Xavier filed a public interest litigation against the Nava Kerala Citizens Response Program. The program is a PR initiative using government funds, which Xavier alleges is a misuse of public resources and aims to benefit the ruling party in the upcoming elections.