മകരവിളക്ക് ദിവസം അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. രാജപ്രതിനിധി പി.എൻ.നാരായണ വർമ യാത്രയെ അനുഗമിക്കുന്നുണ്ട്. മറ്റന്നാളെയാണ് തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന.
പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിൽ നിന്ന് പുലർച്ചെ തിരുവാഭരണങ്ങൾ വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. രാവിലെ 11 മണി വരെ ഭക്തർക്ക് തിരുവാഭരണങ്ങൾ കണ്ടു തൊഴാനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. ക്ഷേത്ര മേൽശാന്തി തിരുവാഭരണ പേടകങ്ങളിൽ നീരാഞ്ജനം ഉഴിഞ്ഞു. വാഹകർക്ക് പൂജിച്ച പൂമാല നൽകി. ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ തിരുവാഭരണ പേടകങ്ങൾ വാഹകരുടെ ശിരസിലേറ്റി ഘോഷയാത്ര.
മരുതമന ശിവൻകുട്ടിയാണ് ഇത്തവണ മുതൽ പ്രധാന പേടകവാഹകനും ഗുരുസ്വാമിയും. തിരുവാഭരണ പേടക വാഹക സംഘത്തിൽ 30 പേരും പല്ലക്ക് വാഹക സംഘത്തിൽ 12 പേരുമുണ്ട്. ഇന്ന് അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും നാളെ ളാഹ സത്രത്തിലും തങ്ങി മറ്റന്നാൾ സന്നിധാനത്തെത്തും. വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ ആചാരപരമായ സ്വീകരണം. സന്ധ്യക്കാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന.