TOPICS COVERED

ഇന്നലെ അന്തരിച്ച ശില്‍പി സാബു ജോസഫിന്‍റെ സംസ്കാരം നാളെ.  തിരുവനന്തപുരം മണ്ണന്തല റാണിഗിരി പള്ളിയില്‍ രാവിലെ 10.30ന് പൊതുദര്‍ശനത്തിന്  ശേഷം 12 മണിക്കാണ് സംസ്കാരം. ഹൃദയാഘാതത്തെത്തുടര്‍ന്ന്  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തേഴ് വയസായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിന് സമീപം കരിപ്പാപറമ്പിൽ വീട്ടിലായിരുന്നു താമസം. രാഷ്ട്രീയ നേതാക്കളുടെ ജീവസ്സുറ്റ പ്രതിമകളിലൂടെയാണ് സാബുജോസഫ് ശ്രദ്ധേയനായത്.

കേരളരാഷ്ട്രീയത്തിന്‍റെ ശില്‍പികളുടെ ശില്‍പിയെന്ന സ്ഥാനമാണ് സാബു ജോസഫിന്. കോട്ടയത്തെ പി.ടി.ചാക്കോ, തിരുവനന്തപുരം നഗരത്തിലെ സി.കേശവൻ, അക്കാമ്മ ചെറിയാൻ, മുവാറ്റുപുഴയിലെ കെ.എം.ജോർജ് തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇതിന് പുറമെ കേരളത്തിലെ ആദ്യ അച്ചടി പ്രസ് സ്ഥാപിച്ച  ബെഞ്ചമിൻ ബെയ്‌ലി, വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ,, കർദിനൽ ജോസഫ് പാറേക്കാട്ടിൽ, കോട്ടയ്ക്കൻ ആര്യവൈദ്യശാല വൈദ്യരത്നം പി.എസ്.വാര്യർ, ചലച്ചിത്ര സംവിധായകൻ കുഞ്ചാക്കോ, കോട്ടയം രൂപത മുൻ ബിഷപ് മാർ തോമസ് തറയിൽ, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള,  കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ ഈശോസഭ സ്ഥാപകൻ വിശുദ്ധ ഇഗ്നേഷ്യസ് ലയോള തുടങ്ങിയ പ്രതിമകളും തീർത്തത് സാബു ജോസഫാണ്. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. ഷെവലിയർ ആർട്ടിസ്റ്റ് പി.ജെ.ചെറിയാന്‍റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാൻ്റെയും റോസമ്മ പുന്നൂസിൻ്റെയും സഹോദരപുത്രനാണ്. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ, തുമ്പ സെന്‍റ് സേവിയേസ് കോളജ്  എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.  മദ്രാസ് കോളജ് ഓഫ് ആർട്‌സ് ആൻ്റ്   ക്രാഫ്റ്റ്സില്‍  നിന്ന് ശിൽപകലയിൽ ഡിപ്ലോമ  ഒന്നാം റാങ്കോടെ പാസ്സായി. ചിത്രകാരനായ കെ.സി.എസ്. പണിക്കർ, ശിൽപകലാകാരൻ ധനപാലൻ എന്നിവരുടെ ശിക്ഷണത്തിലാണ് ശിൽപകലാപഠനം പൂർത്തിയാക്കിയത്.കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാത്തിമയാണ ഭാര്യ. മൂന്നുമക്കളുണ്ട്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലൂ ജോർജ് സഹോദരനാണ്.

ENGLISH SUMMARY:

Sabu Joseph, the renowned sculptor, passed away yesterday. He was known for his lifelike statues of political figures in Kerala.