കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൽഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ചർച്ചയാകുന്നു. ‘Love you to moon and back’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെ മുഖ്യമന്ത്രിയുടെ കപ്പിലും ഇടംപിടിച്ചത് ബോധപൂർവ്വമായ ഐക്യദാർഢ്യമാണെന്ന വിലയിരുത്തലുകൾക്ക് ശക്തി പകരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ 'ദൈവത്തിന് നന്ദി' പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കിൽ പ്രതികരിച്ചത്. "ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടു" എന്ന് അവർ കുറിച്ചു. കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് തന്റെ കുഞ്ഞുങ്ങളോട് ക്ഷമ ചോദിച്ച അതിജീവിത, ‘Love you to moon and back’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഈ വൈകാരികമായ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭയുടെ സത്യാഗ്രഹ സമരവേദിയിൽ മുഖ്യമന്ത്രി ഇതേ വാചകമുള്ള കപ്പ് കൈവശം വെച്ചത് യാദൃശ്ചികമല്ലെന്നാണ് കരുതുന്നത്. അതിജീവിതയ്‌ക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നു എന്ന ശക്തമായ സന്ദേശം നൽകാനാണ് മുഖ്യമന്ത്രി ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് തങ്ങളോട് ക്ഷമിക്കട്ടെ എന്നും തന്റെ തെറ്റായ തീരുമാനങ്ങളിൽ പശ്ചാത്തപിക്കുന്നു എന്നും അതിജീവിത തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കേസിലെ എസ്‌ഐടി അന്വേഷണം ഊർജിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ ഈ നീക്കം അതിജീവിതയ്ക്ക് പിന്തുണ നൽകുന്നതാണ്.