ദുരൂഹ സാഹചര്യത്തിൽ ബിഹാറിൽ മരിച്ച മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി ലിതാരയുടെ വീട് ജപ്തി ചെയ്ത് ലേലത്തിന് വച്ചു. ലിതാരയുടെ മരണത്തിന് ശേഷം ബാങ്ക് വായ്പ തിരിച്ചടച്ചില്ലെന്ന് കാണിച്ചാണ് വീട് ജപ്തി ചെയ്തത്. ബാങ്കിന്‍റെ നടപടിയോടെ ലിതാരയുടെ അർബുദ രോഗിയായ അമ്മയും അച്ഛനും പെരുവഴിയിലായി.
ജോലി കിട്ടിയപ്പോഴാണ് പഴയ വീട് പൊളിച്ച് പുതിയത് നിർമ്മിക്കാൻ 16 ലക്ഷം രൂപ ബാങ്കിൽ നിന്ന് ലിതാര കടമെടുത്തത്. ലിതാരയുടെ മരണത്തോടെ തിരിച്ചടവ് മുടങ്ങി. കൂലിപ്പണിക്കാരനായ അച്ഛൻ കരുണൻ്റെ വരുമാനം കാൻസർ ബാധിതയായ ലിതാരയുടെ അമ്മ ലളിതയുടെ ചികിത്സയ്ക്ക് തന്നെ മതിയാവില്ല.വീട് നിർമ്മാണവും നിലച്ചു. ജപ്തി നോട്ടീസ് ബാങ്ക് അധികൃതർ പതിച്ചിരുന്നെങ്കിലും തുടർ നടപടികൾ സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അറിയിപ്പ് വന്നത്.
കോച്ചിൽ നിന്നും ശാരീരികമായും മാനസികവുമായി പീഢനങ്ങൾ അനുഭവിക്കേണ്ടി വന്നതായി ലിതാര സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു . പോസ്റ്റ് മോർട്ടം റിപ്പോർട്ടോ , മകളുടെ ഫോണോ ആഭരണങ്ങളോ ഇന്നും ലഭിച്ചിട്ടില്ലെന്ന് അമ്മ പറയുന്നു. ജപ്തിയിൽ നിന്നും കുടുംബത്തിന് രക്ഷനേടണമെങ്കിൽ 22 ലക്ഷം രൂപയോളം ബാങ്കിൽ അടക്കണം. നിസഹായതയിൽ ജീവിക്കുന്ന കുടുംബം പെരുവഴിയിൽ ഇറങ്ങാതിരിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ്.