kp-sankerdas-kerala-hc-120126

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ഹൈക്കോടതി. മകൻ എസ്.പിയായതിനാലാണ് ആശുപത്രിയിൽ പോയതെന്നായിരുന്നു കോടതിയുടെ വിമർശനം. എല്ലാ കാര്യങ്ങളും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ദേവസ്വം ബോർഡിനെന്താണ് ജോലിയെന്നും കോടതി ചോദിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ എ.പത്മകുമാർ, മുരാരി ബാബു, നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ വീണ്ടും വിമർശനം ഉന്നയിച്ചത്. മിനിറ്റ്സിൽ താൻ രേഖപ്പെടുത്തിയതൊന്നും ദുരുദ്ദേശത്തിലായിരുന്നില്ലെന്നാണ്  പത്മകുമാർ വാദിച്ചത്. ബുദ്ധിപൂർവം കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തിലാണ് ഇങ്ങനെയൊക്കെ എഴുതുന്നതെന്നായിരുന്നു കോടതി പരാമർശം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനെന്ന് ചോദിച്ച കോടതി ദേവസ്വം ബോർഡിനെന്താണ് ചുമതലയെന്നും ആരാഞ്ഞു. 

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലും കോടതിയുടെ വിമർശനമുണ്ടായി. എസ്.ഐ.ടി യുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഒരാൾ പ്രതി ചേർത്ത അന്നുമുതൽ ആശുപത്രിയിൽ കിടക്കുകയാണ്. മകൻ എസ്.പിയായതിനാലാണ് ആശുപത്രിയിൽ പോയതെന്നായിരുന്നു കോടതിയുടെ വിമർശനം. ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കുകയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ലക്ഷ്യമെന്നും കോടതി വിമർശിച്ചു.

ഉണ്ണിക്കൃഷ്ണൻ പോറ്റി ആരുമല്ല എന്നാൽ എല്ലാമാണെന്നും കോടതി പരാമർശിച്ചു. സ്വർണ്ണത്തിന്റെ മൂല്യത്തിനു തുല്യമായ തുക 2019 ൽ ഡി.ഡി ആയി നൽകിയെന്നാണ് പതിമൂന്നാം പ്രതി ഗോവർധൻ്റെ വാദം. വാദത്തിനിടെ ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ ദേവസ്വം മാന്വല്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും, പ്രത്യേക നിയമം വേണമെന്നും കോടതി നിരീക്ഷിച്ചു. വാദം പൂർത്തിയായതോടെ ജാമ്യാപേക്ഷകൾ കോടതി വിധി പറയാനായി മാറ്റി.

ENGLISH SUMMARY:

Sabarimala gold scam case is currently under scrutiny by the Kerala High Court. The court criticized the Devaswom Board's handling of the case and questioned the lack of arrest of KP Sankara Das.