ആലപ്പുഴ വയലാറിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം തലയില്ലാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിൽ പട്ടണക്കാട് പൊലീസിനെതിരെ വ്യാപക പ്രതിഷേധം. മൃതദേഹത്തോട് കാണിക്കേണ്ട പ്രാഥമിക ആദരവ് പോലും പാലിക്കാതെയാണ് പൊലീസ് നടപടിയുണ്ടായത്. സംസ്കാരം കഴിഞ്ഞ് പിറ്റേന്ന് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് തല കണ്ടെത്തിയതോടെയാണ് പൊലീസിന്റെ അനാസ്ഥ പുറംലോകമറിഞ്ഞത്.
വയലാർ സ്വദേശിയായ കെ.എം. വിജയൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിൻ തട്ടി മരിച്ചത്. ട്രെയിൻ തട്ടി ചിതറിപ്പോയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ച പൊലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തലയില്ലാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയി കാണുമെന്ന ധാരണയിൽ ബന്ധുക്കൾ സംസ്കാരം നടത്തി. എന്നാൽ പിറ്റേന്ന് രാവിലെ ട്രാക്കിന് സമീപം വിജയന്റെ തല തെരുവുനായ്ക്കൾ കടിച്ചു കീറുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി തല ഡിഎൻഎ പരിശോധനയ്ക്കായി കൊണ്ടുപോയി. പരിശോധനകൾക്ക് ശേഷം ഈ തലയും ബന്ധുക്കൾക്ക് വിട്ടുനൽകി. എന്നാൽ, ഈ ഗുരുതരമായ വീഴ്ചയെ വളരെ നിസ്സാരമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. മൃതദേഹം ചിതറിപ്പോയതിനാൽ തലയും അങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്ന് കരുതിയെന്നാണ് പൊലീസിന്റെ വിശദീകരണം. സാധാരണഗതിയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ പൂർണ്ണമായി ലഭിക്കാതെ വിട്ടുകൊടുക്കാറില്ലെന്നിരിക്കെ, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
മരിച്ച വിജയന്റെ കുടുംബം ഇതുവരെയും പൊലീസിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തെ തങ്ങൾക്ക് അനുകൂലമായാണ് പട്ടണക്കാട് പൊലീസ് കാണുന്നത്. എങ്കിലും ഒരു ദിവസം കൂടി കാത്തിരുന്ന് കൃത്യമായ തിരച്ചിൽ നടത്തിയ ശേഷം മൃതദേഹം വിട്ടുകൊടുത്തിരുന്നെങ്കിൽ ഇത്തരമൊരു ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.