Image Credit : https://www.instagram.com/dr.robin_radhakrishnan/
തനിക്ക് ബിജെപിയെ ഇഷ്ടമാണെന്നും താന്‍ സംഘിയാണെന്നും അഭിമാനത്തോടെ പറയുമെന്ന് റിയാലിറ്റി ഷോ താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പമുളള ചിത്രം പങ്കുവച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കുകയായിരുന്നു റോബിന്‍. രാജീവ് ചന്ദ്രശേഖറുമൊത്തുളള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെ തെറിവിളികളും ഭീഷണി വ്യാപകമായി നേരിടേണ്ടി വന്നുവെന്ന് റോബിന്‍ പറയുന്നു. ഇത്തരം ഭീഷണികളൊന്നും തനിക്ക് ഏല്‍ക്കില്ലെന്നും ബിജെപി താല്‍പര്യം തന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് റോബിന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
റോബിന്‍റെ വാക്കുകള്‍ ഇങ്ങനെ...'എന്‍റെ ഇഷ്ടം എന്‍റെ വ്യക്തിപരമായ ഇഷ്ടമാണ്. ഞാന്‍ ആരെ ഇഷ്ടപ്പെടണം ആരെ പിന്തുണയ്ക്കണം ഇതെല്ലാം വ്യക്തിപരമാണ്. ഒരുപാട് പേര്‍ പറയുന്നു റോബിന്‍ സംഘിയാണ്, ചാണകമാണെന്നും. നോക്കൂ അതെല്ലാം എന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എനിക്ക് ബിജെപി പാര്‍ട്ടിയില്‍ അംഗത്വമില്ല. പക്ഷേ എനിക്ക് ബിജെപിയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇഷ്ടമാണ്. അദ്ദേഹം ലോകത്തിലെ വളരെ പവര്‍ഫുള്‍ ആയ വ്യക്തികളിലൊരാളാണ്. അതുകൊണ്ട് അഭിമാനത്തോടെ ഞാന്‍ പറയും ഞാനൊരു സംഘിയാണെന്ന്. ഞാന്‍ ആരുടേയും ഇഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നില്ല. ഇടതുപക്ഷവും വലതുപക്ഷമൊന്നും അഴിമതിയും മറ്റും നടത്തുന്നില്ലേ? നിങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നതെല്ലാം ശരിയാണോ? ആരും പെര്‍ഫക്ടല്ല. നിങ്ങള്‍ക്ക് പേടിയാണ് ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമോ എന്നതില്‍. അങ്ങനെയാരു ദിവസം വരുമെന്നും' ഡോ. റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.
ബിജെപി അധികം താമസിയാതെ തന്നെ അധികാരത്തില്‍ വരുമെന്നും റോബിന്‍ പറയുന്നു. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൊല്ലത്ത് ഡോ.റോബിന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കും എന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനോട് റോബിനോ മറ്റ് ബിജെപി നേതാക്കളോ പ്രതികരിച്ചിട്ടില്ല.