പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാല്‍സംഗ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണ് രാഹുലിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവരശേഖരണം നടത്തിയശേഷമായിരുന്നു അറസ്റ്റ്. അതീവരഹസ്യമായി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് രാത്രി പന്ത്രണ്ടരയോടെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എ.ആര്‍.ക്യാംപില്‍ എത്തിച്ചു. തുടര്‍ന്ന് അന്വേഷണസംഘ മേധാവി ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. അതിക്രൂരമായ പീഡനത്തിന്റെ വിശദാംശങ്ങളും ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലമടക്കം ഉള്‍പ്പടെയാണ് യുവതി പരാതി നല്‍കിയത്.
യുവതിയുടെ പരാതിയിൽ പറയുന്നത് ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നാണ്. തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ദിവസമാണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അതിനുശേഷം വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയാണ് ഉണ്ടായത്. മറ്റാരുടെയെങ്കിലും കുഞ്ഞാകുമെന്നും ആക്ഷേപിച്ചു. അതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്ക് പോയത്. പിന്നീട് രാഹുലിന്റെ ഭാഗത്തുനിന്ന് ഗർഭച്ഛിദ്രത്തിനായുള്ള കടുത്ത സമ്മർദ്ദമുണ്ടായി. അപമാനവും ഭീഷണികളും തന്നെ കടുത്ത ശാരീരിക മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് രാഹുലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് രാഹുൽ താനുമായി പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയതായും യുവതിയുടെ മൊഴിയിലുണ്ട്. മൊഴിയിൽ പറയുന്നത്, ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ്. എന്നാൽ, രാഹുൽ ഡിഎൻഎ പരിശോധനയോട് സഹകരിച്ചില്ല. ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
തന്നെ ഉപേക്ഷിക്കാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചു. കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വേഗത്തിൽ അംഗീകരിക്കുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു. തുടർന്ന് രാഹുൽ നേരിൽ കാണുവാനുള്ള താല്പര്യം അറിയിച്ചു. റസ്റ്ററന്റിൽ കാണാമെന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുസ്ഥലത്ത് കൂടിക്കാഴ്ച സാധ്യമല്ലെന്ന് അറിയിച്ചു. ഒരു ഹോട്ടലിന്റെ പേര് നിർദ്ദേശിച്ച് അവിടെ മുറിയെടുക്കാൻ ആവശ്യപ്പെട്ടു. മുറിയിൽ പ്രവേശിച്ചയുടൻ ഒരു വാക്കുപോലും ഉരിയാടാൻ അനുവദിക്കാതെ രാഹുൽ ആക്രമിച്ചെന്നും, താൻ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്നും പരാതിക്കാരി പോലീസിന് മൊഴി നൽകി
അബോർഷൻ വിവരം അറിയിക്കാനായി വിളിച്ചപ്പോൾ രാഹുൽ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇ-മെയിലിനും മറുപടി ലഭിച്ചില്ല. ഒടുവിൽ, രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു. കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങൾ താനിപ്പോഴും അനുഭവിക്കുന്നുണ്ട്. എന്നാൽ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ രാഹുൽ വീണ്ടും ബന്ധപ്പെട്ടു. തകർന്നിരുന്ന തന്നോട് വീണ്ടും അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നൽകി. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങിത്തരണമെന്നും അവിടെ ഒരുമിച്ച് വിവാഹം കഴിഞ്ഞ് ജീവിക്കാമെന്നും പറഞ്ഞു. ഫ്ലാറ്റ് വാങ്ങൽ നടന്നില്ലെങ്കിലും പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചുവെന്ന് യുവതി പറയുന്നു. വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വാങ്ങി നൽകി. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ അതിൽ വസ്തുതയുണ്ടെന്ന് മനസ്സിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുൽ ഭീഷണിപ്പെടുത്തി. കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണി മുഴക്കിയതായി പരാതിക്കാരി മൊഴി നൽകി.