ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിയുമായുള്ള ബന്ധം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പരിചയപ്പെട്ടത് സമൂഹമാധ്യമം വഴിയെന്ന് മൊഴി. ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഹുല്‍. പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണ് രാഹുലിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ദേഹത്ത് മുറിവേല്‍പ്പിക്കല്‍, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ചൂഷണം, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. രാഹുലിനെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. Also Read: കുഞ്ഞുവേണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു; മുഖത്തടിച്ചു; ദേഹത്ത് മുറിവുണ്ടാക്കി; യുവതിയുടെ മൊഴി
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവരശേഖരണം നടത്തിയശേഷമായിരുന്നു അറസ്റ്റ്. അതീവരഹസ്യമായി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് രാത്രി പന്ത്രണ്ടരയോടെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എ.ആര്‍.ക്യാംപില്‍ എത്തിച്ചു. തുടര്‍ന്ന് അന്വേഷണസംഘ മേധാവി ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. അതിക്രൂരമായ പീഡനത്തിന്റെ വിശദാംശങ്ങളും ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലവും ഉള്‍പ്പടെയാണ് യുവതി പരാതി നല്‍കിയത്.
2024 ഏപ്രിലില്‍ പത്തനംതിട്ടയില്‍വച്ചായിരുന്നു പീഡനം. ഗര്‍ഭിണിയെന്ന് അറിയിച്ചപ്പോള്‍ അപമാനിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ഡി.എന്‍.എ പരിശോധന നടത്തിയതെന്നും പരാതിയിലുണ്ട്. വിദേശത്തുള്ള യുവതിയുടെ പരാതി ആറുദിവസം മുന്‍പാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഡി.ജി.പിക്ക് കൈമാറിയത്. വീഡിയോ കോള്‍ വഴി മൊഴിയെടുത്തശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനായും ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം.