രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതുതായി പരാതി നല്‍കിയ യുവതിയുടെ ജീവിതം നരകമാക്കിയത് സുഹൃത്തിന് വാട്‌സാപ്പില്‍ അയച്ച ഒരു ഫ്ലിപ്‌കാര്‍ട്ട് ലിങ്ക്. സ്വന്തം പിതാവിന് ഫ്ലിപ്‍കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തശേഷം അത് കൈപ്പറ്റുന്നതിനുള്ള ലിങ്ക് നാട്ടിലുള്ള ബാല്യകാല സുഹൃത്ത് രാഹുലിന് അയച്ചുകൊടുത്തു. എന്നാല്‍ ഫോണില്‍ മുന്‍പെന്നോ സേവ് ചെയ്തിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നമ്പറിലേക്കാണ് മെസേജ് പോയത്. ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്ത് യഥാര്‍ഥ നമ്പറിലേക്ക് ലിങ്ക് ഫോര്‍വേഡ് ചെയ്തു.
പിറ്റേ ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫോണില്‍ നിന്ന് ഹായ്, ഹലോ തുടങ്ങിയ മെസേജുകള്‍ വരാന്‍ തുടങ്ങി. ആദ്യം പ്രതികരിച്ചില്ലെങ്കിലും തുടര്‍ച്ചയായി മെസേജുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ മറുപടി നല്‍കിയെന്ന് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ അതിജീവിതയുടെ മൊഴിയില്‍ പറയുന്നു. ക്രമേണ രാഹുല്‍ യുവതിയുടെ മാതാപിതാക്കളുടെയും അനുജത്തിയുടെയുമൊക്കെ വിവരങ്ങള്‍ അന്വേഷിച്ചു. ജോലിയെക്കുറിച്ചും പഠനത്തെക്കുിച്ചുമെല്ലാം സംസാരിച്ചു.
രാഹുലിന്‍റെ നമ്പര്‍ ഫോണില്‍ വന്നതെങ്ങനെ?
പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. പ്രിയ എ.എല്‍ രേഖപ്പെടുത്തിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെ – ‘എന്‍റെ പപ്പയുടെ ‘യങ് വേര്‍ഷന്‍’ ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് മമ്മി ഇടയ്ക്കിടെ പറയുന്നത് കേട്ടാണ് ഞാന്‍ ടിവിയില്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കാനഡയില്‍ ജോലി ചെയ്യുന്ന സമയമാണ്. അതിനിടെ നാട്ടിലുള്ള ബാല്യകാല സുഹൃത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫോണ്‍ നമ്പര്‍ തന്നത്. അത് വെറുതേ ഫോണില്‍ സേവ് ചെയ്തുവച്ചെങ്കിലും ഒരിക്കലും കോണ്‍ടാക്ട് ചെയ്തിരുന്നില്ല. നാട്ടിലെ സുഹൃത്ത് രാഹുലിനയച്ച മെസേജ് മാറി മാങ്കൂട്ടത്തിലിന്‍റെ നമ്പറിലേക്ക് പോയതായിരുന്നു ആദ്യത്തെ കോണ്‍ടാക്ട്’.
ആദ്യമെല്ലാം വളരെ കാഷ്വലായി വര്‍ഷങ്ങളുടെ പരിചയമുള്ള ആളുകള്‍ സംസാരിക്കുന്നത് പോലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിച്ചിരുന്നത്. ‘വിവാഹിതയാണെന്ന് ആദ്യം തന്നെ അയാളോട് പറഞ്ഞിരുന്നു. അപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചും കുട്ടികളുണ്ടോ എന്നുമെല്ലാം രാഹുല്‍ തിരക്കി. പിന്നീട് എല്ലാ ദിവസവും കൂടുതല്‍ സമയമെടുത്ത് പേഴ്സണല്‍ കാര്യങ്ങള്‍ തിരക്കും. കുട്ടികളില്ലാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറി. നിര്‍ബന്ധിച്ചപ്പോള്‍ ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ എന്നെ ‘ഹഗ്’ ചെയ്യാന്‍ തോന്നുന്നുവെന്ന് രാഹുല്‍ പറഞ്ഞു. സിംപതി ആണോ എന്ന് ചോദിച്ചപ്പോള്‍ എന്നോട് ബഹുമാനമാണെന്നും എത്രനാള്‍ ഇങ്ങനെ സഹിച്ച് ജീവിക്കാന്‍ കഴിയുമെന്നും അയാള്‍ എന്നോട് ചോദിച്ചു.’ – യുവതി പറഞ്ഞു.
എല്ലാവരെയും പ്രീതിപ്പെടുത്തി എല്ലാക്കാലത്തും ജീവിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയോട് നിരന്തം പറയാന്‍ തുടങ്ങി. അതിജീവിതയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും തനിക്ക് കുട്ടികളുണ്ടായാല്‍ തിരക്കുകാരണം അവര്‍ക്കുവേണ്ടി സമയം ചെലവിടാന്‍ കഴിയില്ലെന്നും അവര്‍ക്ക് നല്ലൊരു അമ്മയെ വേണമെന്നും താന്‍ ഒരു നല്ല കംപാനിയന്‍ ആണെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് വാട്‌സാപ്പില്‍ എപ്പോഴും രാഹുല്‍ പിന്നാലെ കൂടി. ‘എന്നോട് കൂടുതല്‍ അടുത്തപ്പോള്‍ എന്നോട് സംസാരിക്കാതിരിക്കാന്‍ പറ്റുന്നില്ലെന്നും എന്തിനാണ് നേരത്തേ പോയി കല്യാണം കഴിച്ചതെന്നുമെല്ലാം അയാള്‍ ചോദിച്ചു. യു വില്‍ ബീ മൈ ലൈഫ് പാര്‍ട്‌ണര്‍ എന്ന് ആവര്‍ത്തിച്ച് പറയും. തന്‍റെ സഹോദരിക്ക് കുട്ടികളില്ലെന്നും തനിക്ക് മൂന്ന് കൂട്ടികളെങ്കിലും വേണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.’ നല്ലൊരു പാര്‍ട്‌ണര്‍ ആയില്ലെങ്കിലും താന്‍ നല്ലൊരു ഫാദര്‍ ആയിരിക്കുമെന്നും അയാള്‍ പറഞ്ഞിരുന്നുവെന്നും യുവതി മൊഴി നല്‍കി.
പിന്നീട് ചാറ്റുകള്‍ ടെലിഗ്രാം വഴിയാക്കി. അയക്കുന്ന മെസേജുകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യും. ടൈം പാസ് ആണോ എന്ന് ചോദിക്കുമ്പോള്‍ തനിക്ക് അതിന് ടൈം ഇല്ല എന്നായിരുന്നു മറുപടി. കാനഡയില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ നേരിട്ട് കാണണമെന്ന് നിര്‍ബന്ധിച്ചു. ഭര്‍ത്താവിന്‍റെ പിതാവിന് അസുഖമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോഴാണ് നാട്ടില്‍ എത്തിയത്. ആ സമയത്ത് ഭര്‍ത്താവിനെ പിന്തുണച്ച് കൂടെനില്‍ക്കണം എന്നൊക്കെ രാഹുല്‍ പറഞ്ഞപ്പോള്‍ വിശ്വാസം കൂടി. ഒടുവില്‍ പലവട്ടം മാറ്റിവച്ച കൂടിക്കാഴ്ചയാണ് 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ നടന്നതും രാഹുല്‍ യുവതിയെ ബലാല്‍സംഗം ചെയ്തതും.