അല്പമെങ്കിലും നാണമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിന്റെ ക്രൂരതയ്ക്കിരയായ ഇരകൾ ഇനിയും പുറത്തുവരാനുണ്ടെന്നും അവരെല്ലാം മുന്നോട്ടുവരണമെന്നും ഷഹനാസ് പറഞ്ഞു. രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
‘രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടുള്ളതാണ്. അല്പമെങ്കിലും നാണമുണ്ടെങ്കിൽ രാഹുൽ എപ്പോഴോ രാജിവെക്കേണ്ടതാണ്. രാജിവെയ്ക്കാതെ എംഎൽഎയായി തുടരുന്ന ഒരുവ്യക്തിയെ പാലക്കാട്ടുള്ള ജനങ്ങൾ ചേർത്തുപിടിക്കുന്നു, ഇന്നലെയൊക്കെ അദ്ദേഹത്തിനൊപ്പം ചേർന്നുനിന്ന് ഫോട്ടോയെടുക്കുന്ന ഒരുപാട് സ്ത്രീകളെ കണ്ടപ്പോൾ എന്താണ് നമ്മുടെ സമൂഹം ഇങ്ങനെയൊക്കെയെന്ന് ആലോചിച്ചുപോയി.
അല്പമെങ്കിലും നാണമുണ്ടെങ്കിൽ അദ്ദേഹം ഇതിനുമുൻപേ രാജിവെക്കേണ്ടതായിരുന്നു. നമുക്കറിയാലോ അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്ന്. വളർന്നുവരുന്ന ഓരോകുട്ടികൾക്കും ഇങ്ങനെ ആവരുത് എന്ന് ചൂണ്ടിക്കാണിക്കാൻ നമുക്ക് കാണിച്ചുകൊടുക്കാനുള്ള ഒരുവ്യക്തിത്വം കൂടിയായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഞങ്ങളൊക്കെ അടയാളപ്പെടുത്തുന്നത്. കോൺഗ്രസ് എന്ന പ്രസ്ഥാനം ഇനി അദ്ദേഹത്തിന് സീറ്റ് കൊടുക്കുമെന്ന് വിചാരിക്കുന്നില്ല. ഏതെങ്കിലും നേതാക്കൾ അങ്ങനെ പറയുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ അഭിപ്രായമാണ്, പാർട്ടിയുടെ അഭിപ്രായമല്ല. ഇനിയും പുറത്തുവരാനുള്ള ഇരകൾ ഒരുപാടുണ്ട്. അവരെല്ലാം മുന്നോട്ടുവരണം’, ഷഹനാസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ സീരിയൽ റേപിസ്റ്റാണെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരനും പ്രതികരിച്ചു.