രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്ന കഴിഞ്ഞ രണ്ടു കേസുകളിലും പൊലീസിനുണ്ടായ നാണക്കേട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ പൊലീസ് സംഘം എംഎല്‍എയെ പിടികൂടിയത്. അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വെറും 15മിനിറ്റ് സംസാരം. പിന്നാലെ ഹോട്ടലും പാലക്കാട് അതിര്‍ത്തിയും വിട്ട് പൊലീസ് രാഹുലുമായി പത്തനംതിട്ടയിലെത്തി.
ഒരാഴ്ച്ച നീണ്ട പൊലീസിന്റെ രഹസ്യനീക്കമാണ് ഇപ്പോള്‍ എംഎല്‍എയുടെ അറസ്റ്റ് വരെ എത്തിച്ചത്. രാഹുലിനെതിരെ വന്ന ആദ്യ രണ്ടു പരാതികളിലും കോടതിയില്‍ നിന്നും സംരക്ഷണം തേടിയ രാഹുല്‍ മൂന്നാമത്തെ പരാതി അറിഞ്ഞുപോലുമില്ലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡലത്തിലുണ്ടായിരുന്ന രാഹുലിനെ പിടികൂടാന്‍ നേരത്തേ തന്നെ പൊലീസ് സംഘം രാഹുല്‍ താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. കസ്റ്റഡിയിലെടുക്കാനായെത്തിയ പൊലീസ് ഇന്നലെ ഉച്ചയോടെ ജില്ലാ മേധാവിയുമായി സംസാരിച്ച് കാര്യങ്ങള്‍ നീക്കി.
പന്ത്രണ്ടരയോടെ രാഹുലിന്റെ 2002 നമ്പര്‍ മുറിയിലേക്ക് കയറിവന്ന പൊലീസ് മൂന്നാമത്തെ പരാതിയില്‍ അറസ്റ്റ് വാറന്റ് ഉണ്ടെന്ന്് പറയുകയും രാഹുലുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ രാഹുല്‍ തന്റെ വക്കീലുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരു ഹോട്ടലില്‍ താമസിക്കുന്ന തന്റെ പിഎ യെ വിവരം അറിയിക്കണമെന്ന് പറഞ്ഞെങ്കിലും അതൊക്കെ തങ്ങള്‍ അറിയിച്ചോളാമെന്നായിരുന്നു പൊലീസിന്റെ മറുപടി.
ആദ്യം ഹോട്ടല്‍മുറിയില്‍ നിന്നും പുറത്തുകടക്കാന്‍ വിസമ്മതിച്ച രാഹുല്‍ പിന്നീട് പൊലീസിനു വഴങ്ങുകയായിരുന്നു. ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാനായി സിസിടിവി ബ്ലോക്ക് ചെയ്യുകയും ജീവനക്കാരുടെയെല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ജീപ്പുകളിലായി പോയ പൊലീസ് അതിര്‍ത്തി വിട്ട ശേഷമാണ് മോബൈല്‍ ഫോണുകള്‍ ജീവനക്കാര്‍ക്ക് തിരിച്ചുനല്‍കിയത്.
പത്തനംതിട്ട സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസിന്റെ രഹസ്യനീക്കം. രാഹുലിനെ പിടികൂടാന്‍ പാകത്തിലുള്ള തെളിവുകളെല്ലാം തന്നെ യുവതി നല്‍കിയിരുന്നു. ഇന്നലെയാണ് ഈ പരാതിയില്‍ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിനും ഗര്‍ഭഛിദ്രം നടത്തിയതിനുമുള്‍പ്പെടെയാണ് പരാതി.