പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനത്തിനും ഗര്‍ഭച്ഛിദ്രത്തിനും പുറമെ സാമ്പത്തിക ചൂഷണാരോപണവും. രാഹുലിന്‍റെ നിര്‍ബന്ധ പ്രകാരം പലപ്പോഴായി യുവതിയെക്കൊണ്ട് ആഡംബര വസ്തുക്കള്‍ വാങ്ങിപ്പിച്ചിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. ആഡംബര വാച്ചുകളും സൗന്ദര്യ വർദ്ധക വസ്തുക്കളോടുമായിരുന്നു രാഹുലിന്‍റെ താല്‍പര്യം. ഇവയ്ക്ക് പുറമേ പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങിനല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നെന്നും യുവതി പറയുന്നു.
രാഹുലിനെതിരെ 5 പരാതികളാണ് ഉന്നയിക്കപ്പെട്ടെങ്കിലും മൂന്ന് പരാതികള്‍ക്ക് മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവയില്‍ ആദ്യത്തേതിന് സമാനമാണ് മൂന്നാമത്തെ പരാതിയും. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പത്തനംതിട്ട സ്വദേശിനിയുടെ പരാതി വ്യക്തമാക്കുന്നു. മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്ത രാഹുല്‍ ഓവുലേഷന്‍ ദിവസമാണെന്നറിഞ്ഞിട്ടും കുഞ്ഞുണ്ടാവട്ടെ എന്നുപറഞ്ഞ് ക്രൂരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തുകയായിരുന്നെന്നും യുവതി പറയുന്നു.
ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ അസ്യഭ്യവും ഭീഷണിയുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. കുഞ്ഞിന്‍റെ പിതൃത്വവും രാഹുല്‍ നിഷേധിച്ചതായും യുവതി പറയുന്നു. ഇതില്‍ മനംനൊന്താണ് താന്‍ ഡിഎൻഎ പരിശോധനയ്ക്ക് പോയതെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി രാഹുലിന്‍റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായതായും പരാതിയിലുണ്ട്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് രാഹുലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നതെന്നും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ താനുമായി പ്രണയബന്ധം സ്ഥാപിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. ഇവയ്ക്കെല്ലാം പുറമെയാണ് സാമ്പത്തികമായും രാഹുല്‍ തന്നെ ചൂഷണം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.