രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നീങ്ങാന്‍ പൊലീസിനെ സഹായിച്ചത് പരാതിക്കാരിയുടെ പക്കലുള്ള ശക്തമായ തെളിവുകള്‍. ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയില്‍ ഉയര്‍ന്നിരിക്കുന്നത്. മറ്റെല്ലാ പരാതികള്‍ക്കും സമാനമായ രീതിയിലുള്ള ആരോപണങ്ങളാണെങ്കിലും ഈ കേസില്‍ യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനാറിപ്പോര്‍ട്ട് ആണ് പൊലീസിന് ശക്തമായ രഹസ്യനീക്കങ്ങള്‍ക്ക് ബലമേകിയത്. 

വിവാഹിതയായ യുവതിയുെട ദാമ്പത്യബന്ധത്തില്‍ വിള്ളലുകളുണ്ടായപ്പോള്‍ വിവാഹമോചനം നേടാനായി രാഹുല്‍ നിര്‍ബന്ധിച്ചെന്ന് യുവതി പറയുന്നു. പിന്നീട് വിവാഹം കഴിച്ചു ജീവിക്കാമെന്നും തനിക്കൊരു കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടു. യുവതിയുടെ ദാമ്പത്യപ്രശ്നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്തു. താനൊരു പബ്ലിക് ഫിഗറായതിനാല്‍ മറ്റെവിടെയും ഇരുന്ന് സംസാരിക്കാന്‍ പറ്റില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. തുടര്‍ന്നാണ് ഹോട്ടലിലേക്ക്  പോകാന്‍ താന്‍ തയ്യാറായതെന്ന് യുവതി പറയുന്നു.

ഹോട്ടലിലെത്തിയ ഉടന്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ തന്നെ കയറിപ്പിടിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. കുഞ്ഞുണ്ടാവട്ടേയെന്ന് പറഞ്ഞായിരുന്നു ബലാത്സംഗം. ഗര്‍ഭിണിയായപ്പോള്‍ തന്നോട് അസഭ്യം പറയുകയും മറ്റാരുടെയെങ്കിലും കുഞ്ഞായിരിക്കുമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. തന്റെ ഗര്‍ഭമല്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു പറഞ്ഞു. തുടര്‍ന്ന് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെ വിളിച്ച് കാര്യം പറഞ്ഞു. തികഞ്ഞ ആക്ഷേപമായിരുന്നു മറുപടി. 

ഇതോടെ കാര്യങ്ങള്‍ ബോധ്യപ്പെട്ട യുവതി ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധിച്ച് റിപ്പോര്‍ട്ട് തെളിവായി കയ്യില്‍ സൂക്ഷിച്ചു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്സാപ് ചാറ്റിന്റെയും വിവരങ്ങള്‍ പൊലീസിനു നല്‍കി. ഡിഎന്‍എ റിപ്പോര്‍ട്ട് ശക്തമായ തെളിവാണെന്ന് ബോധ്യപ്പെട്ട പൊലീസ് പരാതിയില്‍ കേസെടുത്ത് രാഹുലിനെ ട്രാക്ക് ചെയ്യുകയായിരുന്നു. ഒരാഴ്ച രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പാലക്കാട് വച്ച് എസ്ഐടി സംഘം എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്.  

ENGLISH SUMMARY:

Rahul Mamkootathil MLA is facing serious allegations. The police investigation was aided by DNA evidence in a rape case, leading to the MLA's arrest.