തന്ത്രിയുടെ അറസ്റ്റോടെ സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമെന്ന സംശയം ഉയര്‍ത്തി യു.ഡി.എഫ്. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ തന്ത്രി നിരപരാധിയെന്ന് ഉറപ്പിച്ച് പറയാന്‍ യു.ഡി.എഫ് തയാറായിട്ടില്ല. അതിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി തന്ത്രിയുടെ വീട് സന്ദര്‍ശിച്ച് പിന്തുണ പരസ്യമാക്കി.

തന്ത്രിയുടെ അറസ്റ്റുണ്ടാക്കിയ ഞെട്ടല്‍ രാഷ്ട്രീയ പ്രതികരണങ്ങളിലും വ്യക്തം. കൊള്ളണോ തള്ളണോ എന്ന വ്യക്തത യു.ഡി.എഫിനുണ്ടായിട്ടില്ല. തന്ത്രി നിരപരാധിയെന്ന് ഉറപ്പിച്ച് പറയാന്‍ തയാറല്ല. എസ്.ഐ.ടിയേയും തള്ളുന്നില്ല. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ഇതുകൊണ്ടാവാം. എന്നാല്‍ ആരോപണ വിധേയരെല്ലാം മോശക്കാരല്ലെന്ന്, കണ്ഠര് മോഹനരെ അയ്യപ്പസംഗമത്തില്‍ പങ്കെടുപ്പിച്ച സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടി കെ.മുരളീധരന്‍ പറഞ്ഞുവെച്ചു.

എന്നാല്‍ തന്ത്രിയുടെ അറസ്റ്റ് സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനും പ്രചാരണത്തിനും ഉപയോഗിക്കുമെന്ന് യു.ഡി.എഫ് മുന്‍കൂട്ടി കാണുന്നുണ്ട്. തന്ത്രിയുടെ അറസ്റ്റോടെ അന്വേഷണം അവസാനിപ്പിച്ചേക്കുമെന്ന സംശയമുണ്ട്. അതുകൊണ്ട് തന്ത്രിയെ പിടിച്ചിട്ടും ഒരുതവണ ചോദ്യം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിടിക്കാത്തതെന്തെന്ന ചോദ്യം ശക്തമാക്കാനാണ് തീരുമാനം. അതിനിടെ ബി.ജെ.പി തന്ത്രിക്കൊപ്പമെന്ന് കൂടുതല്‍ വ്യക്തമായി പ്രഖ്യാപിച്ചു. സന്ദീപ് വചസ്പതി തന്ത്രിയുടെ വീട് സന്ദര്‍ശിച്ചതും അന്വേഷണത്തില്‍ സംശയം ഉന്നയിച്ചതും അതിന്‍റെ സൂചനയാണ്.

ENGLISH SUMMARY:

The opposition UDF has raised doubts over the arrest of the Sabarimala thantri in the gold robbery case. Leaders questioned whether the arrest was meant to protect a minister and wind up the probe. Ramesh Chennithala said all accused must face the law, while K. Muraleedharan warned against scapegoating. The UDF has not declared the thantri innocent but has also not rejected the SIT investigation. The BJP has openly backed the thantri, with leader Sandeep Vachaspathi visiting his residence. Political tensions are rising as allegations of selective action dominate the debate.