കണ്ഠര് മോഹനര്, കണ്ഠര് രാജീവര്

കണ്ഠര് മോഹനര്, കണ്ഠര് രാജീവര്

താഴമണ്‍ കുടുംബത്തിലെ കണ്ഠര് രാജീവരെ അറസ്റ്റുചെയ്തതോടെ ശബരിമലയില്‍ അദ്ദേഹത്തിന്‍റെ താന്ത്രികാവകാശം ചോദ്യംചെയ്യപ്പെട്ടേയ്ക്കാം. ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രത്തിന്‍റെ താന്ത്രികാവകാശമുള്ള താഴമണ്‍ കുടുംബത്തില്‍ നിന്ന് രണ്ടാമത്തെയാളാണ് പൊലീസ് നടപടിയിലും  വിവാദത്തിലും പെടുന്നത്. ഇരുപതുവര്‍ഷം മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ശോഭാ ജോണുമായുള്ള ബന്ധത്തിലാണ് വിവാദത്തിലായ കണ്ഠര് മോഹനരെ ശബരിമല താന്ത്രികാവശാലത്തില്‍ നിന്ന് നീക്കിയിരുന്നു. Also Read: ആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല; തന്ത്രി രാജീവര്‍ക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍ .

ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി എന്നാണ് സങ്കല്‍പ്പം. ആനിലയ്ക്കുള്ള ആദരം വിശ്വാസികള്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രിമാര്‍ക്ക് നല്‍കിവരുന്നു. ഭക്തരുടെ ആ വികാരത്തിനാണ് വീണ്ടും മങ്ങലേറ്റത് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ. 2006 ല്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രി കണ്ഠര് മോഹനര് ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടശോഭാ ജോണുമായുള്ള ബന്ധത്തില്‍ വിവാദത്തിലായിരുന്നു. അന്ന് വാദിസ്ഥാനത്തായിരുന്നു മോഹനര്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ശോഭാ ജോണും ബെച്ചു റഹ്‌മാനും ഉൾപ്പെടെ 11 പേരായിരുന്നു പ്രതിസ്ഥാനത്ത്. ശോഭാ ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലിലുമായി.

ഇതിനുശേഷം മോഹനരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നില്ല. മോഹനര്‍ നേരിട്ടതിനെക്കാള്‍ ഗുരുതരസ്വഭാവമുള്ള നടപടിയാണ് രാജീവര് നേരിടുന്നത്. സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഉറ്റബന്ധം തെളിഞ്ഞതോടെയാണ് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. അതായത് അയ്യപ്പന്‍റെ പിതൃസ്ഥാനത്തുള്ളയാളാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.

സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് പങ്കുണ്ടോ , അല്ലെങ്കില്‍ അറിവുണ്ടോ എന്നൊക്കെ ഇനി തെളിയേണ്ടിയിരിക്കുന്നു. കേസിൽ വെറുതെ വിട്ടാലും രാജീവരെ ഇനി ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്ന് കണ്ടറിയണം. മോഹനരുടെ മകന്‍ മഹേഷ് മോഹനരാണ് ഇപ്പോള്‍ ശബരിമല തന്ത്രി. രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്മദത്തനും കഴിഞ്ഞവര്‍ഷം തന്ത്രിയുടെ ചുമതലയേറ്റിരുന്നു.

ENGLISH SUMMARY:

The arrest of Kandhar Rajeevar from the Thazhamon family has reopened debates around the thantric rights at Sabarimala. Rajeevar’s alleged links to the prime accused in a gold robbery case have led to serious questions about his role. This incident recalls the 2006 controversy involving Kandhar Mohanar and his removal from temple duties. Devotees view the thantri as occupying a paternal position of Lord Ayyappa, making the arrest deeply sensitive. Investigations will determine whether Rajeevar had involvement or prior knowledge of the crime. Even if acquitted, uncertainty remains over his future access to Sabarimala temple.