ശബരിമല തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണമോഷണ കേസിലും അറസ്റ്റ് ചെയ്യും. കട്ടിളപ്പാളി കേസിലെ സമാന ഗൂഢാലോചനയും ഒത്താശയും ദ്വാരപാലക ശില്‍പ്പപാളി കേസിലും തന്ത്രി നടത്തിയെന്ന് എസ്.ഐടി. തന്ത്രിയെ കുരുക്കുന്നതില്‍ നിര്‍ണായകമായത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ മൊഴി. തന്ത്രിയും പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളെന്നും കണ്ടെത്തിയ എസ്.ഐ.ടി ജീവപര്യന്തം തടവ് ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ശബരിമലയിലെ ഏറ്റവും പ്രമുഖനായ തന്ത്രി തന്ത്രിക്കെതിരെ മൊഴികള്‍ കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത എസ്.ഐ.ടി കൂടുതല്‍ കുരുക്ക് മുറുക്കുകയാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണക്കവര്‍ച്ചയിലാണ് നിലവിലെ അറസ്റ്റ്. 2019 മെയ് 18നാണ് കട്ടിളപ്പാളികള്‍ സന്നിധാനത്ത് നിന്ന് കൊണ്ടുപോയത്. അന്നും അവ തിരികെ സ്ഥാപിക്കുമ്പോളും തന്ത്രി സന്നിധാനത്തുണ്ടായിരുന്നു. ആചാരം ലംഘിച്ചുള്ള നടപടിയായിട്ടും തന്ത്രി എതിര്‍ത്തില്ല. അത്തരത്തില്‍ മൗനാനുവാദം കൊടുത്തത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്നും എസ്.ഐടി പറയുന്നു.
അതുകൊണ്ട് തന്നെ വിശ്വാസവഞ്ചന, വ്യാജരേഖാ നിര്‍മാണം, ഗൂഡാലോചന, അനധികൃത സ്വത്ത് സമ്പാദനം പോലുള്ള വകുപ്പുകള്‍ ചുമത്തിയപ്പോള്‍ അതില്‍ രണ്ട് വകുപ്പുകള്‍ക്ക് ജീവപര്യന്തം ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ്. ഈ കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. അന്ന് തന്നെ ദ്വാരപാലക ശില്‍പപാളിക്കേസിലും അറസ്റ്റ് രേഖപ്പെടുത്താനാണ് എസ്.ഐ.ടി നീക്കം. അതോടെ തന്ത്രിയുടെ ജയില്‍ വാസം നീളേണ്ടിവന്നേക്കും. Also Read: തന്ത്രിയുടെ അറസ്റ്റില്‍ കരുതലോടെ സിപിഎം; വേണ്ടപ്പെട്ടയാളെന്ന് സജി ചെറിയാന്‍
ദൈവതുല്യന്‍ തന്ത്രിയെന്ന സൂചനയാണ് എസ്.ഐടിക്കുള്ള മൊഴിയില്‍ പത്മകുമാര്‍ നല്‍കിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വളരാന്‍ സഹായിച്ചത് തന്ത്രിയുടെ സുഹൃത്തെന്ന മേല്‍വിലാസമാണെന്നും സ്പോണ്‍സര്‍ഷിപ്പ് ഇടപാടുകള്‍ രാജീവര്‍ അറിഞ്ഞിരുന്നൂവെന്നും പത്മകുമാര്‍ മൊഴി നല്‍കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചു. ഈ മൊഴികള്‍ തന്ത്രിയെ അറസ്റ്റിലാക്കുന്നതില്‍ നിര്‍ണായകമായി. അതിനിടെ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രിയെന്നും എസ്.ഐടി ഉറപ്പിച്ചു. 2002 മുതല്‍ അടുപ്പമുള്ള ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടെന്നും സ്ഥിരീകരിച്ചു. ഇതിന്‍റെ കൂടുതല്‍ പരിശോധനക്കായി രാജീവരുടെ മൊബൈല്‍ ഫോണടക്കം എസ്.ഐടി പിടിച്ചെടുത്തു.