ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍. ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ് ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്‍റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു. കുടുക്കിയതെന്ന് തന്ത്രി കണ്ഠര് രാജീവരോട് മാധ്യമങ്ങളോട് പറഞ്ഞതിനുള്ള കൂട്ടി ച്ചേര്‍ക്കലാണ് അഭിഭാഷകന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്.സ്വര്‍ണപ്പാളിയില്‍ തീരുമാനം എടുത്തതും ഉത്തരവാദിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് നടന്നത്. Also Read: തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
വിഷയം പരിശോധിച്ച് നിലപാടെന്നാണ് പന്തളംകൊട്ടാരം,ശബരിമല കര്‍മ സമിതി, ഹിന്ദുഐക്യവേദി, തന്ത്രിസമാജം, യോഗക്ഷേമസഭ തുടങ്ങിയ സംഘടനകളുടെ നിലപാട്. പക്ഷേ തന്ത്രിയെ കുടുക്കി എന്നാണ് വിലയിരുത്തല്‍. 1951ല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ പതിനെട്ടാം പടിയും ശ്രീകോവിലും അടക്കം കരിങ്കല്ലായിരുന്നു.ചെമ്പുപാളിയും സ്വര്‍ണം പൊതിയലുമെല്ലാം പിന്നീട് വന്ന ആഡംബരമാണ്.ഇതില്‍ ആചാരങ്ങളില്ല.ബോര്‍ഡ് തീരുമാനിച്ച് കൊണ്ടുപോയതില്‍ തന്ത്രിക്ക് ഇടപെടാനാവില്ല.
അറസ്റ്റിന് പിന്നില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിജീവിക്കാനുള്ള സിപിഎം തന്ത്രമാണ്. യുവതീപ്രവേശ ശുദ്ധിക്രിയയിലെ പിണറായിയുടെ അതൃപ്തിയും തന്ത്രിക്കെതിരായ സമീപകാലത്തെ സിപിഎം നിലപാടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണമെങ്കിലും ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ളവരാണ് എന്നും അനൗദ്യോഗികമായി പറയുന്നുണ്ട്. താഴമണ്‍ കുടുംബത്തില്‍ നിന്നും ഔദ്യോഗികമായി പ്രതികരണം വന്നിട്ടില്ല.