sabarimala-thanthri

ശബരിമല തന്ത്രം കയ്യില്‍ വന്നതോടെയാണ് താഴമണ്‍ കുടുംബം കേരളത്തിലെ ഏറ്റവും പ്രബലരായ തന്ത്രികുടുംബം ആയത്. അതിന് വഴിവച്ചത് 1902-ലെ ശബരിമല തീപിടിത്തവും. മകരസംക്രമദിനത്തിലാണ് പുല്ലുമേഞ്ഞ ശ്രീകോവിലിന് തീപിടിച്ചത്. തിരുവാഭരണങ്ങള്‍ സുരക്ഷിതമായി മാറ്റി. വിഗ്രഹം മേല്‍ശാന്തി എടുത്തുമാറ്റി. എല്ലാം കത്തിയമര്‍ന്നെങ്കിലും വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി.

മുന്‍പ് കേരളത്തിലെ പ്രബല തന്ത്രികുടുംബങ്ങള്‍ അടക്കം ശബരിമല തന്ത്രം വഹിച്ചിരുന്നു എന്നാണ് വിവരം. ഘോരവനത്തിലെ ക്ഷേത്രം. തന്ത്രത്തിന് പോയാല്‍ ജീവനോടെ തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത കാലം. അങ്ങനെ പലരും കയ്യൊഴിഞ്ഞു. കുടുംബക്കാവിലെ ചടങ്ങുകള്‍ നടത്താന്‍ കുടുംബങ്ങളില്‍ ആളില്ലാത്ത കാലം. പലകാവുകളും ക്ഷേത്രങ്ങളാക്കിയപ്പോള്‍ താഴമണ്‍ കുടുംബം തന്ത്രം ഏറ്റു.

1902-ല്‍ കത്തിനശിച്ച ക്ഷേത്രം പുനര്‍നിര്‍മിച്ച് 1910-ല്‍ പ്രതിഷ്ഠ നടത്തി. താഴമണ്‍ കുടുംബത്തിലെ കണ്ഠര് പ്രഭാകര് ആയിരുന്നു അന്ന് പ്രതിഷ്ഠ നടത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റ ക്ഷണപ്രകാരം അങ്ങനെയാണ് താഴമണ്‍ കുടുംബം ശബരിമലയുടെ തന്ത്രത്തിലേക്ക് വരുന്നത്. 1950-ല്‍ വീണ്ടും ക്ഷേത്രം കത്തിനശിച്ചു. 1951ല്‍ ഇന്നു കാണുന്ന പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠര് ശങ്കര് ആയിരുന്നു. രണ്ട് പ്രതിഷ്ഠ നടത്തിയതോടെ താഴമണ്‍ കുടുംബം പൂര്‍ണ തന്ത്ര അധികാരികളായി. 1951-ന് ശേഷമാണ് ഇന്ന് കാണുന്ന വിധത്തിലേക്ക് തിരക്കേറി വന്നതും താഴമണ്‍ കുടുംബം നൂറുകണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രം ഏറ്റെടുക്കുന്ന നിലയിലേക്ക് വളര്‍ന്നതും.

2006ല്‍ കണ്ഠര് മോഹനര് ശോഭ ജോണിന്‍റെ ഹണി ട്രാപ്പില്‍ കുടുങ്ങിയതാണ് കുടുംബത്തിന് ഏറ്റ ആദ്യ നാണക്കേട്. ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്‍റെ ചോദ്യങ്ങളില്‍ നിന്ന് മോഹനര്‍ക്ക് വേദമോ സംസ്കൃതമോ ഭാഗ്യസൂക്തം പോലുമോ അറിയില്ലെന്ന് വ്യക്തമായതും വലിയ നാണക്കേടായി. പിന്നെ ശബരിമലയില്‍ തന്ത്രിയായി മോഹനരെ കണ്ടില്ല. അടുത്തിടെ കണ്ടത് അയ്യപ്പ സംഗമ വേദിയിലും പന്തളത്തെ ബദല്‍ സംഗമവേദിയിലും ആയിരുന്നു.‌

മോഹനര്‍ പെട്ട് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ആണ് മോഹനരുടെ മുത്തച്ഛന്‍റെ സഹോദരന്‍റെ മകന്‍ തന്ത്രി കണ്ഠര് രാജീവര് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റില്‍ ആകുന്നത്.

ENGLISH SUMMARY:

Thazhamon family is a prominent Tantric family in Kerala, known for their association with Sabarimala. This prominence started after the 1902 Sabarimala fire and subsequent events solidifying their role as the chief priests.