ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കട്ടിള പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. 13–ന് ജാമ്യപേക്ഷ പരിഗണിക്കും. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലേക്ക് കൊണ്ടുപോയി. ആവശ്യമെങ്കിൽ ജയിലിൽ വൈദ്യസഹായം നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ പതിമൂന്നാംപ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്.
അതേസമയം, തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നെന്നും പാളികള്‍ കൊണ്ടുപോയപ്പോള്‍ തടഞ്ഞില്ലെന്നും എസ്ഐടി. സ്വര്‍ണപാളി കടത്തുന്നതിന് കുറ്റകരമായ മൗനാനുവാദം നല്‍കിയ തന്ത്രി രാജീവര്‍ക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്ന് എസ്ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്തുണ്ടായ ചട്ടലംഘനം ദേവസ്വം ബോര്‍ഡിനെ തന്ത്രി അറിയിച്ചില്ല. പ്രതികള്‍ക്ക് അന്യായ ലാഭവും ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടവുമുണ്ടാക്കാന്‍ തന്ത്രി കണ്ഠര് രാജീവര് കാരണക്കാരനായെന്നും എസ്ഐടി.
ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം സ്വീകരിച്ചത്. പത്മകുമാറിന്‍റെ ജാമ്യഹർജിയിൽ തന്ത്രിയുടെ പങ്ക് മനപ്പൂർവം മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠര് രാജീവരെ ചോദ്യംചെയ്ത ശേഷം ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രിയാണോ എന്നതാണ് പ്രധാന ചോദ്യം. തന്ത്രിക്ക് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് വലി സൗഹൃദമാണ്. ശബരിമലയിലേക്ക് പോറ്റിയെത്തിയത് സഹായിയായാണ്. പിന്നീട് സ്പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറുകയായിരുന്നു. പാളികളില്‍ സ്വര്‍ണം പൂശാന്‍ ഉൾപ്പെടെ തന്ത്രിയാണ് അനുമതി നല്‍കിയത്..