പാലക്കാട് മലമ്പുഴയിൽ ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാർ തന്നെ മൽസരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായിരുന്നു കാര്യങ്ങളെന്നും ഇത്തവണ മണ്ഡലം പിടിക്കാനാകുമെന്നും കൃഷ്ണകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. മലമ്പുഴയിൽ ഒരു ഇളക്കവും ഉണ്ടാകില്ലെന്നായിരുന്നു സിറ്റിങ് എംഎൽഎ എ.പ്രഭാകരന്റെ മറുപടി.
തുടർച്ചയായി രണ്ടു തവണ ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലം. 2016 ൽ വി.എസ് മത്സരിച്ചപ്പോഴും 2021 ൽ എ. പ്രഭാകരൻ മത്സരിച്ചപ്പോഴും ബിജെപി കളത്തിലിറക്കിയ സി.കൃഷ്ണകുമാർ തന്നെ ഇത്തവണയും മത്സരിക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റത്തിലാണ് ബിജെപിയുടെ പ്രതീക്ഷ.
27000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ എൽഡിഎഫ് മലമ്പുഴ കോട്ട ഉറപ്പിച്ചത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാമന്നും എൽഡിഎഫ് തുടരുമെന്നുമായിരുന്നു നിലവിലെ എംഎൽഎ എ. പ്രഭാകരന്റെ മറുപടി.
പ്രഭാകരൻ തന്നെ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. നേരത്തെ മന്ത്രി എം.ബി രാജേഷിനെ അടക്കം മണ്ഡലത്തിൽ പരിഗണിക്കുമെന്ന സൂചനയും ഉണ്ടായിരുന്നു. എന്തായാലും ഇത്തവണ മത്സരം കടുക്കും..