NewProject

കാസർകോട് സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗിക അതിക്രമ പരാതി. ജബ്ബാർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുമ്പള മുൻ ലോക്കൽ സെക്രട്ടറി സുധാകരനെതിരെയാണ് പരാതി. രണ്ട് പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിയെന്നും പരാതി. അധ്യാപകനായ നേതാവ് സ്കൂൾ മുറിയിൽ നിന്ന് ഉൾപ്പെടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചെന്നും, തെളിവുകൾ ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയെന്നും അതിക്രമം നേരിട്ട സ്ത്രീ മനോരമ ന്യൂസിനോട് പറഞ്ഞു

‘ക്ലാസ് മുറിയില്‍ നിന്ന് നഗ്നദൃശ്യമയച്ചു; ടീച്ചര്‍മാരെയും ഉപയോഗിച്ചു; പരാതിപ്പെട്ടത് കൊല്ലുമെന്നായപ്പോള്‍’

പ്ലസ് ടു വിദ്യാര്‍ഥികളെ വരെ ലൈംഗികമായി ഉപയോഗിച്ച വിവരം സുധാകരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയ യുവതി വെളിപ്പെടുത്തി. കുട്ടികളുടെ വിഡിയോകള്‍ അയച്ചുതന്നിട്ടുണ്ട്. ഇയാള്‍ ജോലി ശരിയാക്കിക്കൊടുത്ത അധ്യാപികമാരില്‍ ചിലരും ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. ഇക്കാര്യവും സുധാകരന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും പരാതിക്കാരി പറയുന്നു.

Read Also: ‘ക്ലാസ് മുറിയില്‍ നിന്ന് നഗ്നദൃശ്യമയച്ചു; ടീച്ചര്‍മാരെയും ഉപയോഗിച്ചു'


ക്ലാസ് മുറിയില്‍ നിന്നുവരെ സുധാകരന്‍ തന്‍റെ ഫോണിലേക്ക് നഗ്നചിത്രങ്ങള്‍ അയച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. 1995 മുതല്‍ സുധാകരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതുകൊണ്ടാണ് പരാതിപ്പെടാന്‍ തയാറായത്. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു സിപിഎം കുമ്പള ലോക്കല്‍ സെക്രട്ടറിയായിരുന്ന സുധാകരന്‍ മാസ്റ്റര്‍. ദൃക്‌സാക്ഷിയുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് വിട്ടയച്ചു.

ഈ കേസില്‍ സുധാകരന്‍ ജയിലിലായിരുന്ന സമയത്ത് മാത്രമാണ് താന്‍ സമാധാനത്തോടെ ജീവിച്ചിട്ടുള്ളതെന്ന് യുവതി പറയുന്നു. രണ്ട് പതിറ്റാണ്ടോളം ഇയാള്‍ തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും അവര്‍ ആരോപിച്ചു. ‘ഇത് 1995ല്‍ തുടങ്ങിയതാണ്, അന്നുമുതല്‍ അവനെന്നെ പീഡിപ്പിക്കുന്നു. കല്യാണം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികപീഡനം. പക്ഷേ കല്യാണം കഴിച്ചില്ല. പിന്നെ കുടുംബമൊക്കെ അറിഞ്ഞ് മറ്റൊരാളുമായി എന്‍റെ കല്യാണം നടത്തി. അതിനുശേഷമായിരുന്നു കൂടുതല്‍ ടോര്‍ച്ചറിങ്. ‘നീ ഭര്‍ത്താവിനെ വിട്ടിട്ടു വരണം’ എന്നായി ഭീഷണി, അയാള്‍ പിന്നീട് കല്യാണം കഴിച്ചു, കുട്ടിയായി. അവന്‍റെ ഭാര്യ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍, എട്ടുമാസമായ സമയത്ത് വീണ്ടും എന്നെ വിളിച്ചു, ഭര്‍ത്താവിനെ വിട്ട് അവന്റെ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു’– യുവതി പറയുന്നു.

‘കുട്ടികളേയും ഭര്‍ത്താവിനെയും വിട്ട് വരണം. അപ്പോഴും ഭര്‍ത്താവിനോടും അമ്മയോടും ഒന്നും പറഞ്ഞില്ല. ഭര്‍ത്താവിനെയും അവന്‍ ഭീഷണിപ്പെടുത്തി. പിന്നീടാണ് ഇവന്‍ ജബ്ബാര്‍ കൊലക്കേസില്‍ അറസ്റ്റിലായി ജയിലിലായത്. അപ്പോള്‍ സമാധാനമായിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് അവനെന്നെ വീണ്ടും വിളിച്ചു. നിന്നെയങ്ങനെ സുഖമായി ജീവിക്കാന്‍ അനുവദിക്കില്ല, പുറത്തിറങ്ങിയിട്ട് കാണാന്‍ വരും എന്ന് പറഞ്ഞു. പിന്നീട് പ്ലസ് ടു പിള്ളേര്‍ വരെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നിരവധി വിഡിയോകള്‍ കാണിച്ചു തന്നു, ജോലി ശരിയാക്കിക്കൊടുത്ത ടീച്ചര്‍മാരടക്കം തന്റെ കൂടെവരുന്നുണ്ടെന്നായിരുന്നു അടുത്ത വാദം. എല്ലാവരേയും അവന്‍ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പറഞ്ഞു, സ്കൂള്‍ മുറിയില്‍ നിന്നുവരെ അയാള്‍ നഗ്നദൃശ്യം എടുത്തയച്ചു, ’– യുവതി കൂട്ടിച്ചേര്‍ത്തു.

താന്‍ നല്‍കിയ പരാതികളില്‍ പറയുന്ന കാര്യങ്ങളുടെ തെളിവുകള്‍ തന്‍റെ കയ്യിലുണ്ടെന്നും എല്ലാം ഡിജിപിക്ക് അയച്ചുകൊടുത്തുവെന്നും യുവതി പറഞ്ഞു. ‘കഴിഞ്ഞ ദിവസം പുറത്തുപോയ സമയത്ത് രണ്ടുപേര്‍ വന്ന് കയ്യില്‍ പിടിച്ചുനിര്‍ത്തി. സുധാകരന്‍ മാഷ് പറഞ്ഞപോലെ നിന്നാല്‍ വെറുതെവിടുമെന്നും ഇല്ലെങ്കില്‍ നിന്നെയും മക്കളേയും ഭര്‍ത്താവിനേയും കൊല്ലുമെന്ന് പറഞ്ഞു’ – യുവതി ആരോപിക്കുന്നു. അയാളെന്നെ കൊല്ലും, അതിനുമുന്‍പ് എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് ഇപ്പോള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

ENGLISH SUMMARY:

Serious sexual assault allegations have surfaced against Sudhakaran, a former CPM Kumbla Local Secretary and a convict in the high-profile Abdul Jabbar murder case. A woman has come forward with a complaint DGP, alleging decades of exploitation.