ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ്. എസ്ഐടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതിനിടെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീ എസ്ഐടിക്ക് മുന്‍പാകെ ഹാജരായി. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിൽ പറയുന്നു.
വേലിതന്നെ വിളവ് തിന്നുവെന്നു നിരീക്ഷിച്ച കോടതി ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പാളികള്‍ കൊടുത്തുവിട്ടതെന്നും പത്മാകുമാറിനു പോറ്റിയുമായി 2018 മുതല്‍ ബന്ധമുണ്ടെന്നും എസ്.ഐ.ടി കോടതിയെ ധരിപ്പിച്ചു. പത്മകുമാറിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. വിധിയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ.ബദറുദ്ദിൻ വാദം കേൾക്കുക. സ്വർണക്കൊള്ളയിൽ പങ്കില്ല എന്നാണ് രണ്ട് പ്രതികളുടെയും വാദം. എ.പത്മകുമാറിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചത്.
പത്മകുമാർ നൽകിയ മൊഴിയും എസ്.ഐ.ടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലം. നാഗ ഗോവർദ്ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തി എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിനുള്ള തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചു എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.