മാധവ് ഗാഡ്ഗിൽ എന്ന പേരിന് പശ്ചിമഘട്ടത്തിൻ്റെ സംരക്ഷകൻ എന്നാണ് അർഥം. ജീവിതവും പഠനവും പ്രവൃത്തിയും പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു ഡോ. മാധവ് ഗാഡ്ഗിൽ. രാജ്യം പദ്മഭൂഷനും ഐക്യരാഷ്ട്ര സഭ ചാമ്പ്യൻ ഒഫ് ദി എർത്ത് പുരസ്ക്കാരവും നൽകി ആദരിച്ച പ്രതിഭയാണ് ഡോ. ഗാഡ്ഗിൽ .
പ്രകൃതിയെ പഠിച്ചു, പ്രകൃതിയെ സ്നേഹിച്ചു, പരിസ്ഥിതി സംരക്ഷണത്തിനായി അക്ഷീണം പ്രവർത്തിച്ചു. " മുകളിൽ നിന്ന് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം . അത് ഗ്രാമസഭകൾ ചർച്ച ചെയ്ത് പ്രാദേശികമായി തീരുമാനിക്കട്ടെ " എന്നാണ് 2011 ലെ പശ്ചിമഘട്ട റിപ്പോർട്ട് വിവാദമായപ്പോൾ ഡോ. മാധവ് ഗാഡ്ഗിൽ പറഞ്ഞത്. സുരക്ഷിതവും സുസ്ഥിരവുമായ ജനജീവിതത്തിന് പ്രകൃതിയെ സംരക്ഷിക്കണമെന്നാണ് ഗാഡ്ഗിൽ പറഞ്ഞത്. ശാസ്ത്രീയമായ അടിത്തറയോടെ തയാറാക്കിയ 2011 പശ്ചിമഘട്ട റിപ്പോർട്ട് വൻവിവാദമായപ്പോൾ സൗമ്യമായാണ് സമിതി അധ്യയനായ മാധവ് ഗാഡ്ഗിൽ പ്രതികരിച്ചത്. റിപ്പോർട്ട് നടപ്പാക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹം സ്വീകരിച്ച നിലപാട് . സൈലൻ്റ്വാലിയുടെ സംരക്ഷണം മുതൽ അനിയന്ത്രിത ഖനനത്തിന് കടിഞ്ഞാണിടുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സജീവമായി പങ്കെടുത്തു. മികച്ച അധ്യാപകനും ഗവേഷകനുമായിരുന്ന മാധവ് ഗാഡ്ഗിൽ മുബൈസർവകലാശാലയിലും ഹാർവഡിലും പഠിച്ചു. Indian Institute of Science പോലുള്ള ഗവേഷണ സ്ഥാപനങ്ങളിൽ ശക്തമായ പരിസ്ഥിതി പഠന കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിൽ മുതൽ പ്രധാനമന്ത്രിമാരെ ഉപദേശിക്കുന്നതിൽ വരെ നിർണായക പങ്കവഹിച്ചു. രാജ്യാന്തര തലത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ . ശാസ്ത്രത്തെ ഗാഡ്ഗിൽ ജനകീയമാക്കി ഒപ്പം ജനപക്ഷത്തു നിന്ന് പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിരന്തരം പ്രവർത്തിച്ചു. പ്രകൃതിയെ അഗാധമായി സ്നേഹിച്ച ഗാഡ്ഗിൽ പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ ഏറ്റവും അനാഥമാകുന്നത് ലോകത്തെ ഏറ്റവും അമൂല്യ ജൈവ സമ്പത്തുകളിൽ ഒന്നായ പശ്ചിമഘട്ട മലനിരകളാണ്.