ഇന്നലെ അന്തരിച്ച മുൻമന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ആലുവ ആലങ്ങാട് ജുമാ മസ്ജിദിലാണ് മരണാനന്തരച്ചടങ്ങുകൾ നടന്നത്. പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേർ വീട്ടിലും പള്ളിയിലുമായെത്തി.
മുസ്‌ലിംലീഗിന്റെ മധ്യകേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമടക്കം ലീഗിന്റെ നേതൃനിരയൊന്നടങ്കം സഹപ്രവർത്തകനെ യാത്രയാക്കാനെത്തി. രാഷ്ട്രീയത്തിനതീതമായ സ്‌നേഹബന്ധം നേതാക്കൾ അനുസ്‌മരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.40 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായിരുന്നു. 2005_06 ൽ വ്യവസായമന്ത്രിയും 2011_16 ൽ പൊതുമരാമത്തുമന്ത്രിയുമായിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും മണ്ഡല പുനർനിർണയത്തിന് ശേഷം 2011ലും 2016ലും കളമശേരിയിൽ നിന്നും ഇബ്രാഹിംകുഞ്ഞ് നിയമസഭയിലെത്തി.