മുന്‍മന്ത്രിയും മുസ്‍ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. പൊതുദര്‍ശനം വൈകിട്ട് ആറു മുതല്‍ കളമശേരി ചാക്കോളാസില്‍ നടക്കും. സംസ്കാരം നാളെ പത്തുമണിക്ക് ആലങ്ങാട് ജുമാ മസ്ജിദില്‍.
മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു ഇബ്രാഹിം കുഞ്ഞ്. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. വ്യവസായ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്നാണ് ആദ്യം നിയമസഭയിലേക്ക് ജയിക്കുന്നത്. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.
ചികില്‍സയിലായിരുന്ന ഇബ്രാഹിംകുഞ്ഞിനെ പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രാവിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആര്‍ക്കും സമീപിക്കാവുന്ന നേതാവായിരുന്നു വികെ ഇബ്രാഹികുഞ്ഞെന്ന് എകെ ആന്റണി അനുശോചിച്ചു. നഷ്ടമായത് എറണാകുളത്തിന്റെ മതേതരമുഖമെന്ന് സാദിഖലി തങ്ങള്‍ അനുസ്മരിച്ചു. കേരളത്തിന്‍റെ വികസന പ്രക്രിയയിൽ വലിയ പങ്ക് വഹിച്ച നേതാവാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. പ്രായോഗികമായി കാര്യങ്ങള്‍ ചെയ്യാൻ കഴിവുള്ളയാളായിരുന്നു. അദ്ദേഹം പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ റോഡുകൾ മികച്ചതായിരുന്നു. വിവാദങ്ങളെയും വിമർശനങ്ങളെയും സൗമ്യതയോടെ നേരിട്ട നേതാവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലബാര്‍ കേന്ദ്രീകരിച്ച് നില്‍ക്കുന്ന മുസ്‍ലിംലീഗ് രാഷ്ട്രീയത്തില്‍ മധ്യകേരളത്തില്‍ നിന്നുള്ള ഏറ്റവും ജനകീയനായ നേതാവാണ് വി.കെ ഇബ്രാഹിംകുഞ്ഞ്. ഫാക്ടറി ജീവനക്കാരനില്‍ നിന്ന് തുടങ്ങി സംസ്ഥാനമന്ത്രിവരെയായ അതിശയിപ്പിക്കുന്ന രാഷ്ട്രീയ ജീവിതരേഖ. പി.കെ കുഞ്ഞാലിക്കുട്ടിയുടെ എക്കാലത്തെയും വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനും. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് ഇബ്രാഹിംകുഞ്ഞിന്‍റെ പൊതുരംഗത്തെ വിസ്മയ ചന്ദ്രികയ്ക്ക് ഒടുവില്‍ കളങ്കമേല്‍പ്പിച്ചു.
മധ്യകേരളത്തില്‍ അത്രയൊന്നും പച്ചപിടിക്കാത്ത ലീഗിന്‍റെ പച്ചക്കൊടി സ്ഥരമായി ഉയര്‍ത്തിപ്പിടിച്ചത് ഇബ്രാഹിംകുഞ്ഞായിരുന്നു. സൗമ്യന്‍. മിതഭാഷി. എറണാകുളം ജില്ലയിലെ ലീഗിന്‍റെ അമരക്കാരന്‍. എളിയനിലയില്‍ നിന്ന് വളര്‍ന്നുവന്ന ഇബ്രാഹിംകുഞ്ഞ് എന്നും അണികള്‍ക്ക് നടുവിലായിരുന്നു. ആലുവയ്ക്കടുത്ത് കൊങ്ങോര്‍പ്പള്ളിയാണ് സ്വദേശം. എടയാറിലെ ബിനാനി സിങ്ക് എന്ന വ്യവസായ സ്ഥാപനത്തിലെ സാധാരണ ജോലിക്കാരനില്‍ നിന്ന് തുടക്കം. മുസ്‍ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷനിലൂടെയും ലീഗിന്‍റെ ട്രേഡ് യൂണിയനായ എസ്.ടി.യുവിലൂടെയും രാഷ്ട്രീയഗോദയില്‍.
മുന്‍ഡപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞിന്‍റെ മട്ടാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും പിന്നീട് ഹംസക്കുഞ്ഞിന്‍റെ പഴ്സനല്‍ സ്റ്റാഫില്‍ അംഗമായതും വഴിത്തിരിവായി. എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവ് ടി.എ.അഹമ്മദ് കബീര്‍ 1996ല്‍ മട്ടാഞ്ചേരിയില്‍ പരാജയപ്പെട്ടപ്പോള്‍ 2001ല്‍ ഇബ്രാഹിം കുഞ്ഞിനെ കളത്തിലിറക്കിയാണ് ലീഗ് സീറ്റ് തിരിച്ചുപിടിച്ചത്. കന്നിപ്പോരാട്ടത്തില്‍ പന്തീരായിരത്തില്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷം. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ വിജയം. പിന്നീട് മണ്ഡലപുനര്‍നിര്‍ണയത്തോടെ കളമശ്ശേരിയിലേയ്ക്ക് മാറി.
2005ല്‍ ഐസ്ക്രീം പാര്‍ലര്‍ വിവാദത്തെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ താക്കോല്‍ കൈമാറിയത് ഇബ്രാഹിംകുഞ്ഞിനായിരുന്നു. 2011ല്‍ പൊതുമരാമത്ത് മന്ത്രി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസ് ഇബ്രാഹിംകുഞ്ഞിന്‍റെ രാഷ്ട്രീയജീവിതം അസ്തമിപ്പിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന മുന്‍മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്.