ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിതരണത്തില്‍ ക്രമക്കേട്. 16 ലക്ഷം രൂപയുടെ നെയ്യ് പാക്കറ്റ് കാണാനില്ല. കൗണ്ടറില്‍നിന്ന് നഷ്ടപ്പെട്ടത് 16,000 പാക്കറ്റ്. ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇത്തവണത്തെ മണ്ഡലകാലത്ത് വിൽപനയ്ക്കായി നൽകിയ നെയ്യിലാണ് ക്രമക്കേട് കണ്ടെത്തിയത് . വിൽപനയ്ക്കെത്തിച്ച നെയ്യിന്റെ കണക്കും തിരികെ അടച്ച പണത്തിലും വ്യത്യാസം കണ്ടെത്തിയതിനേതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം.
നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലിലീറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്നു ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഒളിച്ചുവെക്കാൻ ചിലർ ശ്രമിച്ചെന്ന് ഹൈക്കോടതി. എന്നാൽ അന്വേഷണസംഘം ഈ രേഖകൾ കണ്ടെത്തി. എസ്.ഐ.ടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആവശ്യമെങ്കിൽ എസ്.ഐ.ടി വിപുലീകരിക്കാമെന്നും വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി എസ്.ഐ.ടി ഉദ്യോഗസ്ഥർ നേരിട്ട് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിനുശേഷം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നിർണായക വിവരങ്ങൾ കോടതി ചൂണ്ടിക്കാട്ടുന്നത്.
സാധ്യമായതും പ്രസക്തവുമായ എല്ലാ തെളിവുകളും കണ്ടെത്താൻ പ്രത്യേക SIT സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തിയിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഒളിച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചു. എന്നാൽ നിർണായകമായ ഈ തെളിവുകൾ കണ്ടെത്താനും വീണ്ടെടുക്കാനും സംഘത്തിന് കഴിഞ്ഞു. നാല് ഘട്ടങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. 1998-ൽ നടന്ന ആദ്യത്തെ സ്വർണ്ണം പൊതിയൽ മുതൽ 2025-ൽ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ വീണ്ടും കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഇടപാടുകൾ വരെ ഇതിൽ ഉൾപ്പെടും.
പ്രതികളുടെ വരവിൽ കവിഞ്ഞ സ്വത്തിനെ കുറിച്ചും അന്വേഷണം നടത്തി. ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇതുവരെ 181 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം തൃപ്തികരമെന്നും കോടതി വ്യക്തമാക്കി. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ടിയിൽ ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ ദേവസ്വം ബെഞ്ച് ഓർമിപ്പിച്ചു. മാധ്യങ്ങൾ അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നുവെന്ന റിപ്പോർട്ടിൽ കോടതി ആശങ്ക രേഖപ്പെടുത്തി. ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിൽ അല്ല നടക്കേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. എസ്.ഐ.ടിയുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച ഹൈക്കോടതി, വിഷയം അടുത്ത തവണ പരിഗണിക്കുന്ന 19ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു