സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്‍റെ കൈയില്‍ നിന്നും പണം വാങ്ങിയെന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപം കൈകാര്യം ചെയ്തതില്‍ ബിനോയ് വിശ്വത്തിന് വീഴ്ചപറ്റിയെന്ന് പാര്‍ട്ടിയില്‍ വികാരം. മൂന്ന് ലക്ഷം വാങ്ങിയതെന്ന വാര്‍ത്ത വരും മുന്‍പേ സെക്രട്ടറി തന്നെ അത് തുറന്നുപറയണമായിരുന്നുവെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ചര്‍ച്ച. വരുന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ വിവാദം ചര്‍ച്ചയായേക്കും.
വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോയി മൂന്ന് ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി വാങ്ങിയെന്ന ഈ തുറന്നുപറച്ചില്‍ സിപിഐക്ക് കനത്ത നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഐയുടെ സംസ്ഥാന സമ്മേളനം ആലപ്പുഴ നടക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് പണം വാങ്ങിയത്. എന്നാല്‍ തന്‍റെ കൈയില്‍ നിന്നും പണം വാങ്ങിയ ബിനോയ് വിശ്വം തന്നെ കാറില്‍ കയറ്റില്ലെന്ന് പറഞ്ഞതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. പണത്തെ ചൊല്ലി വെള്ളാപ്പള്ളി ആക്ഷേപം ഉന്നയിച്ചപ്പോള്‍ തന്നെ സംസ്ഥാന സമ്മേളനത്തിനായിരുന്നു പണം വാങ്ങിയതെന്നും അതിന് രതീസ് നല്‍കിയെന്നും പറയണമായിരുന്നു എന്നാണ് നേതാക്കള്‍ക്കിടിയിലെ വികാരം.
എന്നാല്‍ തുക എത്രയെന്ന് മറച്ചുവെച്ചാണ് ബിനോയ് വിശ്വം ആദ്യ ദിവസം പ്രതികരിച്ചത്. മൂന്ന് ലക്ഷമാണ് വാങ്ങിയതെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ബിനോയ് വിശ്വം ഇന്നലെ തുക എത്രയെന്ന സമ്മതിച്ചത്. വിഷയം ആദ്യം മുതല്‍ കൈകാര്യം ചെയ്തതില്‍ സെക്രട്ടറി പക്വത കാണിച്ചില്ലെന്നതാണ് പാര്‍ട്ടിയിലെ വികാരം . വീട്ടില്‍ പോയി കാശുവാങ്ങിയിരുന്നുവെങ്കില്‍ രാഷ്ട്രീയത്തിനപ്പുറം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ല എന്ന് പറഞ്ഞ് വ്യക്തിപരമായി ആക്ഷേപിക്കാന്‍ പാടില്ലായിരുന്നുവെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.