കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംക്‌ഷനിലുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി അഖിൽ കൃഷ്ണനാണ് മരിച്ചത്. ബവ്റിജസ് ഗോഡൗണിലേക്ക് മദ്യവുമായി പോയ ലോറി കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പുലർച്ചെ നാലുമണിയോടെയാണ് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറി അപകടത്തിൽപ്പെട്ടത്. ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ വച്ച്, എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. ലോറിക്ക് അടിയിൽ കുടുങ്ങിയ ഡ്രൈവർ വയനാട് സ്വദേശി അഖിൽ കൃഷ്ണനെ വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്തത്.
ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം പൊളിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ ഉണ്ടായിരുന്ന ഫറോക് സ്വദേശികളായ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് വീണ
ബിയർ കുപ്പികൾ പൊട്ടി റോഡ് നിറയെ ചില്ലുകൾ തെറിച്ചിരുന്നു. അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് റോഡിൽ നിന്ന് പൊട്ടിയ കുപ്പികളും ചില്ലുകളും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.