ചലച്ചിത്ര താരം പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്. തലയിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു മരണം. എൽഐസി ചീഫ് എജന്റ് ആയിരുന്നു.
1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് കടന്നു വന്നത്. പുന്നപ്രയിൽ ഷൂട്ടിങ്ങ് കാണാൻ ചെന്ന അപ്പച്ചന് സിനിമയിലെ മാനേജരായ സുഹൃത്ത് മുഖേന ചെറിയ വേഷം കിട്ടി. അതിനുശേഷം ഉദയായുടെ എല്ലാ സിനിമകളിലും അപ്പച്ചന് വേഷം കിട്ടിയിരുന്നു. മഞ്ഞിലാസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷം ലഭിച്ചത്.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം സിനിമ മുതൽ അടൂരിന്റെ എല്ലാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദി കിങ്ങ് എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായുള്ള വേഷവും ശ്രദ്ധിക്കപ്പെട്ടു.