punarjani-project-cbi-probe-vd-satheesan-cbi-investigation

പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം നടത്താനുള്ള സർക്കാർ നീക്കത്തെ പരിഹാസത്തോടെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതൃത്വവും. വയനാട്ടിലെ കോണ്‍ഗ്രസ് നേത്യത്വ യോഗത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കൾ സർക്കാരിന്റേത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് ആഞ്ഞടിച്ചു.

"പേടിച്ചു പോയെന്ന് പോയി മുഖ്യമന്ത്രിയോട് പറ" എന്നായിരുന്നു വി.ഡി. സതീശന്റെ ആദ്യ പ്രതികരണം. താൻ വിദേശത്ത് നിന്ന് പണം പിരിച്ചുവെന്ന് കണ്ടെത്തിയത് എം.വി. ഗോവിന്ദനാണെന്നും, അതിനാൽ വിജിലൻസ് റിപ്പോർട്ട് ഗോവിന്ദൻ ഒന്നുകൂടി വായിച്ചു നോക്കണമെന്നും അദ്ദേഹം പരിഹസിച്ചു. വിജിലൻസ് തന്നെ അന്വേഷിച്ച് തള്ളിയ കേസാണിതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മന്‍ചാണ്ടിക്കെതിരെയും ചെന്നിത്തലയ്ക്കെതിരെയും ഉണ്ടായിട്ടുണ്ട്. കേസ് സിബിഐക്ക് വിടാൻ സർക്കാരിനെ സതീശൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.

സർക്കാർ നീക്കത്തെ വെറും ഓലപ്പടക്കമെന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. അന്വേഷണം കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും തിരഞ്ഞെടുപ്പ് കാലത്തെ പതിവ് തന്ത്രം മാത്രമാണിതെന്നും അദ്ദേഹം ബത്തേരിയിൽ പറഞ്ഞു. സർക്കാർ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും വിമർശിച്ചത്.  "ഇതൊരു 100% വിഫലമായ ഇലക്ഷൻ സ്റ്റണ്ടാണ്. വിജിലൻസ് തന്നെ തള്ളിയ കേസ് ഒരു വർഷത്തിന് ശേഷം ഇപ്പോൾ പൊടിതട്ടിയെടുക്കുന്നത് ഭരണപരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കോൺഗ്രസ് ഇതിനെ പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.

"സിപിഎം ഉന്നത നേതാക്കൾ ജയിലിലാകുകയും ശബരിമല വിഷയം ഉൾപ്പെടെയുള്ളവയിൽ സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത പദ്ധതികളിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിക്കുന്നത് എന്നത് പരിഹാസ്യമാണെന്ന് പി.സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

കേരളത്തിലെ സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. സിബിഐ അല്ല ഏത് ഏജൻസി വന്നാലും കോൺഗ്രസ് ഭയപ്പെടില്ലെന്നും, വി.ഡി. സതീശനെതിരായ നീക്കം ജനങ്ങൾക്കിടയിൽ യുഡിഎഫിന് കൂടുതൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും ഭരണവിരുദ്ധ വികാരവും മറികടക്കാൻ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്രമിക്കുക എന്ന തന്ത്രമാണ് സർക്കാർ പയറ്റുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു.  

ENGLISH SUMMARY:

VD Satheesan CBI investigation is politically motivated. Congress leaders dismiss the government's decision to order a CBI investigation into the Punarjani project as a pre-election stunt.