മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2025 തിരഞ്ഞെടുപ്പിന്‍റെ അന്തിമപട്ടികയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ക്രിക്കറ്റര്‍ സല്‍മാന്‍ നിസാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ എന്നിവരാണ് പട്ടികയിലിടംനേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു.
പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷകരുടെ വോട്ടുനേടിയ നാലുപേരാണ് ന്യൂസ് മേക്കര്‍ അന്തിപട്ടികയിലിടം നേടിയത്. എല്‍ഡിഎഫിനകത്തും പുറത്തും പാര്‍ട്ടിയുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ച് തിരുത്തല്‍ ശക്തിയായി നിലകൊണ്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അന്തിമപട്ടികയിലേക്ക്.
ക്രിക്കറ്റിന് പേരുകേട്ട തലശേരിയില്‍നിന്നെത്തി കേരള ക്രിക്കറ്റ് ലീഗിലെ മിന്നുന്ന പ്രകടനത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ സല്‍മാന്‍ നിസാര്‍.
സഭയിലും പാര്‍ട്ടിക്കുള്ളിലും ഉറച്ച ശബ്ദത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെയും വാര്‍ത്തകളുടെ തലക്കെട്ട് നിരന്തരം സൃഷ്ടിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുപിന്നാലെയുണ്ടായ പ്രതിസന്ധികള്‍ക്കും പിളര്‍പ്പ് ഭീഷണിക്കുമിടെ താരസംഘടനയായ 'അമ്മ'യുടെ തലപ്പെത്തിയ ആദ്യ വനിത ശ്വേത മേനോനും അന്തിമറൗണ്ടിലെത്തി.
നാലുപേരില്‍നിന്ന് ഫൈനല്‍ റൗണ്ട് വോട്ടെടുപ്പില്‍ ഏറ്റവുമധികം പിന്തുണനേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം നേടും. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2025 സംഘടിപ്പിക്കുന്നത്.