രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്കായി പുതിയ പരാതി. അതിജീവിതയുടെ ഭര്‍ത്താവ് രാഹുലിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. കുടുംബജീവിതം തകര്‍ത്തെന്നും വലിയ മാനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിന്‍റെ പിതൃത്വം തന്‍റെമേല്‍ കെട്ടിവയ്ക്കാന്‍ രാഹുല്‍ ശ്രമിച്ചെന്നും വിവാഹ ഫോട്ടോ പ്രചരിപ്പിച്ച് അപമാനിച്ചെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അതിജീവിതയുടെ ഭര്‍ത്താവ് പറയുന്നു.
രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. തന്‍റെ അഭാവം മുതലെടുത്ത് രാഹുൽ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചു. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. താൻ സ്ഥലത്തില്ലാതിരുന്ന സമയം രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്‍റെ വിശദീകരണം. എന്നാൽ പ്രശ്നം പരിഹരിക്കാനുദ്ദേശിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്ന് ഭർത്താവ് നൽകിയ പരാതിയിൽ ചോദിക്കുന്നു.
അതേ സമയം ബലാത്സംഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.