സംസ്ഥാനത്ത് 25 വര്‍ഷത്തിനുളളില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകുമെന്ന് പഠനം. ആയുര്‍ദൈര്‍ഘ്യം പത്തുവര്‍ഷം കൂടുമെന്നും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം എണ്‍പത്തഞ്ച് കടക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്മെന്‍റും പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഒാഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠനമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാരംഭ ദിനത്തില്‍ ആദ്യക്ഷരം കുറിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണാം.
നിലവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനന നിരക്കുളള സംസ്ഥാനമാണ് കേരളം. 2051 ആകുമ്പോഴേയ്ക്കും കുട്ടികളുടെ എണ്ണത്തില്‍ വന്‍കുറവ് സംഭവിക്കുമെന്നാണ് പ്രൊജക്ഷന്‍. കുട്ടികളുടെ അനുപാതം നിലവിലുളള 19.3 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി കുറയും. ജനനനിരക്ക് 1.4 ശതമാനമായും താഴും.
അതേസമയം രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സംസ്ഥാനമായും കേരളം മാറും. പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 70 ല്‍ നിന്ന് എണ്‍പതാകും. 75 വയസ് ആയുര്‍ദൈര്‍ഘ്യമുണ്ടായിരുന്ന സ്ത്രീകള്‍ 85 പിന്നിടും. 2041 ഒാടെ കേരളത്തിലെ ജനസംഖ്യ ഏററവും ഉയര്‍ന്ന നിലയിലെത്തും. 3 കോടി 65 ലക്ഷം പേരുണ്ടാകും. വീണ്ടും പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ ജനസംഖ്യ താഴ്ന്ന് 3 കോടി അന്‍പത്തഞ്ച് ലക്ഷത്തിലെത്തുമെന്നുമാണ് നിഗമനം. വോട്ടര്‍മാരില്‍ അഞ്ചിലൊരാള്‍ മുതിര്‍ന്ന പൗരനാകും.