antony-raju-2

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പിണറായി വിജയന്‍  സര്‍ക്കാരിനും ആന്‍റണി രാജു എം.എല്‍.എയ്ക്കും വന്‍തിരിച്ചടി. ലഹരി കേസിലെ പ്രതിയെ രക്ഷിക്കാന്‍ മുന്‍മന്ത്രി കൂടിയായ ആന്‍റണി രാജു എം.എല്‍.എ കോടതിക്കുള്ളില്‍ നിന്ന് തൊണ്ടിമുതല്‍ തട്ടിയെടുത്ത് കൃത്രിമം കാണിച്ചെന്ന് കോടതി കണ്ടെത്തി. 36 വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ ആന്‍റണി രാജുവിനെയും കൂട്ടുപ്രതിയായ മുന്‍ കോടതി ഉദ്യോഗസ്ഥന്‍ കെ.എ.ജോസിനെയും നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചു.

ഹാഷിഷ് കടത്തിയതിന് പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെതിരായ പ്രധാന തെളിവായ അടിവസ്ത്രമാണ് അന്ന് അഭിഭാഷകനായിരുന്നു ആന്‍റണി രാജു വെട്ടിത്തയിച്ച് രൂപമാറ്റം വരുത്തി കേസ് അട്ടിമറിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ഉള്‍പ്പടെ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആന്‍റണി രാജുവിന്‍റെ എം.എല്‍.എ സ്ഥാനത്തിന് അയോഗ്യതയാവും. തിരഞ്ഞെടുപ്പിലും മല്‍സരിക്കാനാവില്ല. ജയിലിലേക്കും മാറ്റേണ്ടിവന്നേക്കും. അതിനിടെ  ശിക്ഷാവിധിയില്‍ തീരുമാനം ഉച്ചയ്ക്ക് രണ്ടേമുക്കാലിനുണ്ടാവും.

പ്രോസിക്യൂഷൻ ആവശ്യത്തിനൊപ്പം സ്വകാര്യ ഹർജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസില്‍ വിചാരണ പൂർത്തിയാക്കിയത്. 1990 ല്‍ നടന്ന സംഭവത്തില്‍ ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 

പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു. പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. 

1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ, അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കുന്നതിനായി തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെടുത്തു എന്നതാണ് കേസ്. ഈ കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും, പിന്നീട് ഹൈക്കോടതി ഇയാളെ വെറുതെ വിട്ടു. 

സാൽവദോറിൻ്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു, കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടി ചെറുതാക്കി തിരികെ വെച്ചു എന്നാണ് കേസ്. പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടയക്കുന്നതിൽ, തൊണ്ടിമുതലിലെ അളവുകളിലുള്ള വ്യത്യാസം നിർണായകമായി. തെളിവായി ഹാജരാക്കിയ അടിവസ്ത്രം പാകമല്ലാത്തതുകൊണ്ടാണ് പ്രതി രക്ഷപ്പെട്ടതെന്ന വാദമാണ് ഉയർന്നുവന്നത്. പിന്നീട് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി, സഹതടവുകാരനോട് ഈ തൊണ്ടിമുതൽ തിരിമറി നടത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയതിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

തുടർന്ന് 1994-ൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ്, പ്രതിക്കുവേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടർന്ന് കേസ് അന്വേഷിച്ച പോലീസ്, കോടതി ജീവനക്കാരനായ കെ.എസ്. ജോസിനെ ഒന്നാം പ്രതിയായും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

ENGLISH SUMMARY:

Former Kerala minister and MLA Antony Raju has been found guilty in the case related to tampering with case property. The Nedumangad Judicial First Class Magistrate Court held that charges of conspiracy and fabrication of false evidence were proven. The first accused, K.S. Jose, was also found guilty in the case dating back to 1990. The case involved allegations of tampering with seized material to help a foreign national arrested in a drug case escape prosecution. While cheating charges were not established, the accused face sections carrying punishment of over ten years. The court will pronounce the sentence after the decision of the higher court.