പാലക്കാട്ട് തിരഞ്ഞെടുപ്പിൽ മല്‍സരിക്കാൻ സന്നദ്ധത അറിയിച്ച് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. പാർട്ടി ആവശ്യപ്പെടുന്ന മുറക്ക് തീരുമാനമെടുക്കും. മല്‍സരിക്കാൻ താനോ ഷാഫി പറമ്പിലോ മറ്റു കോൺഗ്രസുകാരോ അയോഗ്യരല്ലെന്ന് തങ്കപ്പൻ മനോരമന്യൂസിനോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം കെ.പിസിസി അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് തങ്കപ്പന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ക്യാംപാണ് വയനാട്ടില്‍ സംഘടിപ്പിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം വിലയിരുത്തും, പാളിച്ചകള്‍ പരിശോധിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വത്തെ പറ്റിയുള്ള ചോദ്യത്തിന് , കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഒരു സംവിധാനമുണ്ടെന്നായിരുന്നു കെ.സിയുടെ മറുപടി.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള മുന്നൊരുക്കത്തിലാണ് കോൺഗ്രസിലെ സിറ്റിങ് എംഎൽഎമാർ. സിറ്റിങ് സീറ്റുകളിൽ വിരുദ്ധ വികാരമില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പാലക്കാട് മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളിലേക്കും നേതൃത്വം കടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾക്കും തന്ത്രങ്ങൾക്കും ഇന്ന് വയനാട്ടില്‍ ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗം അന്തിമ രൂപം നല്‍കും.