ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്ല ബന്ധമുള്ളത് കേന്ദ്ര–സംസ്ഥാന ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്ന എം.പിയോടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇരുവരുടെയും ഫോണ്‍, ബാങ്ക് രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍പ്രകാശ് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയെ കാണാന്‍ സമയം ലഭിച്ച ശേഷമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്നെ ക്ഷണിച്ചതെന്ന് അടൂര്‍ പ്രകാശ് വിശദീകരിച്ചു. പോറ്റി ഡല്‍ഹിയിലെത്തിയിട്ട് എംപി എന്ന നിലയിലാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി എന്‍റെ മണ്ഡലത്തിലുള്ളയാളാണ്. ആ നിലയിലാണ് പരിചയപ്പെട്ടത്. ശബരിമലയിൽ അന്നദാനം നടത്തുന്നുണ്ടെന്നും ഉദ്ഘാടനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി സമീപിച്ചത്. അതിൽ പങ്കെടുത്തിരുന്നു. പിന്നീട് പൂജയ്ക്കും ക്ഷണിച്ചു. അതുകഴിഞ്ഞാണ് സോണിയാ ഗാന്ധിക്ക് പൂജയുടെ പ്രസാദം നൽകാനായി പോറ്റി ഡൽഹിയിലെത്തിയത്. സോണിയാ ഗാന്ധിയെ കാണാനുള്ള മുൻകൂർ അനുവാദം പോറ്റിക്കുണ്ടായിരുന്നു. ഞാൻ കൂടെപ്പോകുക മാത്രമാണ് ചെയ്തത്. ഞാൻ മുഖാന്തരമല്ല പോറ്റി സോണിയയെ കണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഓഫീസിൽനിന്ന് നേരിട്ട് വന്ന് ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്ന വാഹനത്തിന്‍റെ താക്കോൽ ഏറ്റുവാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും അടൂര്‍പ്രകാശ് ആവശ്യപ്പെട്ടു. തനിക്കെതിരായ എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അതോടൊപ്പം ഉന്നതതല ബന്ധങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും അടൂര്‍പ്രകാശ് പറഞ്ഞു.