പാലക്കാട് ചികില്‍സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരിക്ക് വി.ഡി.സതീശന്‍റെ കൈത്താങ്ങ്. വിനോദിനിക്ക് കൈവച്ച് നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞതായി കുട്ടിയുടെ അച്ഛന്‍ അറിയിച്ചു. വി.ഡി.സതീശന്‍ നേരിട്ട് വിളിച്ചുവെന്നും മകള്‍ക്ക് സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും പറഞ്ഞു. രക്ഷിതാക്കളുടെ ദുരിതം മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ 24–നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സയിക്ക് ശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്. ഗുരുതര അനാസ്ഥയില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല.
തുടര്‍ന്ന് എങ്ങനെ ജീവിക്കുമെന്നും മകളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നും അറിയാതെ നിസഹായാവസ്ഥയിലായിരുന്നു വിനോദിനിയുടെ മാതാപിതാക്കള്‍. കൂടെയുണ്ടാകുമെന്ന് ഉറപ്പ് കൊടുത്ത സര്‍ക്കാരും പിന്നീട് തിരിഞ്ഞുനോക്കാതായതോടെ കുടുംബം വിഷമാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജിലേക്ക് പോകുന്നത് പോലും കടം വാങ്ങിയ പണം ഉപയോഗിച്ചായിരുന്നു. മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പ്ലാസ്റ്റിക് സർജറിക്ക് അടക്കം പണം കണ്ടെത്താൻ എന്തു ചെയ്യുമെന്ന കുടുംബത്തിന്റെ വേവലാതിക്കാണ് പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലിലൂടെ പരിഹാരമായത്. ആശുപത്രി അധികൃതർ വരുത്തിയ ഗുരുതര വീഴ്ചക്ക് നഷ്ടപരിഹാരമെങ്കിലും വേണമെന്നാണ് ആവശ്യം. പാലക്കാട് പല്ലശനയിലെ ഒന്‍പത് വയസുകാരിയുടെ കുടുംബം കഴിയുന്നത് ടാർപായ വലിച്ചു കെട്ടിയ കൊച്ചു കൂരയിലാണ്. ദിവസക്കൂലിയിൽ ജീവിക്കുന്ന കുടുംബത്തോട് 'സിസ്റ്റം' കടുത്ത അനാസ്ഥയാണ് കാണിച്ചത്.