തൊടുപുഴ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി 16 വയസ്സുള്ള മകൻ പ്രവർത്തിച്ചതിന് അമ്മയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്.
11 വർഷം മുൻപു നിസയുടെ ഭർത്താവ് മരിച്ചതാണ്. 6 വർഷമായി നിസ ഇവിടെ ജോലി ചെയ്യുന്നു. 2 മാസം മുൻപാണ് ശമ്പളം 500 രൂപ കൂടി ഉയർത്തി 5000 രൂപയാക്കിയത്. ശമ്പളവും പുതുവർഷ ബോണസായി 1000 രൂപയും കൂടി നൽകിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്. ബോണസായി നൽകിയ 1000 രൂപ തിരികെക്കൊടുത്തശേഷം നിസ ജോലി വിട്ടിറങ്ങി.
തൊടുപുഴ നഗരസഭയിലെ 21–ാം വാർഡായ കീരികോടിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി മകൻ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ പ്രവർത്തിച്ചതിനാൽ തടഞ്ഞില്ലെന്നും നിസ പറയുന്നു. എൽഡിഎഫ് സ്വാധീന മേഖലയായ വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.