TOPICS COVERED

ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ് 'ധുരന്ദര്‍' ട്രെന്‍ഡ്. ചിത്രത്തിലെ 'ഇഷ്ക് ജലാക്കര്‍' എന്ന പാട്ടിനൊപ്പം പാകിസ്ഥാനിലേക്ക് ചാരനായി പോവുമ്പോഴുണ്ടാകുന്ന അബദ്ധങ്ങളാണ് 'ധുരന്ദര്‍' ട്രെന്‍ഡ് റീലിലെ പ്രമേയം.  ഇപ്പോള്‍ കേരള പൊലീസും ഈ ട്രെന്‍ഡില്‍ റീല്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ലഹരി കടത്തുകാരനെ  പൊലീസ് പിടിക്കുന്നതാണ് റീലിലെ പ്രമേയം. 

എന്നാല്‍ കമന്‍റില്‍ ലഹരിക്കെതിരെയുള്ള അവബോധമല്ല ചര്‍ച്ചയാവുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് റീലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്നാണ്. രസകരമായ കമന്‍റുകളാണ് റീലിന് ലഭിക്കുന്നത്. 'ഇജ്ജാതി ലുക്ക്‌', 'നമ്മുടെ സേനയിൽ ഇത്രയും ഗ്ലാമർ ഉള്ള ഓഫീസര്‍ ഉണ്ടല്ലേ ഈ സാർ ഇൻസ്റ്റയിൽ ഉണ്ടോ.. എന്ന് ചോദിക്കാൻ പറഞ്ഞു', 'ഈ അവസരത്തില്‍ ചോദിക്കാമോ അറിയില്ല സാറേതാ? പേരെന്നാ?', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. പൊലീസ് ഉദ്യോഗസ്ഥന്‍റെ ലുക്കിനെ പറ്റിയുള്ള കമന്‍റുകള്‍ അതിക്രമിച്ചതോടെ മറുപടിയുമെത്തി. 'താങ്കള്‍ വിഷയത്തില്‍ നിന്നും തെന്നിമാറുന്നു' എന്നാണ് കേരള പൊലീസ് മറുപടി കൊടുത്തത്. 

അതേസമയം ന്യൂ ഇയര്‍ ആഘോഷത്തിനിടയ്​ക്കുള്ള പൊലീസ് അതിക്രമങ്ങളെ വിമര്‍ശിച്ചും വ്യാപകമായി കമന്‍റുകളുണ്ട്. പത്തനംതിട്ടയില്‍ ‍ഡിജെയുടെ ലാപ്ടോപ്പ് തകര്‍ത്തതിനെ വിമര്‍ശിച്ച് നിരവധി കമന്‍റുകളാണ് വന്നത്. 

ENGLISH SUMMARY:

Kerala Police is actively engaging with trending topics. The Dhurandhar trend reel featuring a police officer has gone viral, sparking discussions about the officer's appearance and criticism regarding police actions during New Year celebrations.