തിരുവനന്തപുരത്ത് പുതുവത്സരാഘോഷ പാച്ചിലിൽ രണ്ട് അപകടങ്ങളിലായി മരിച്ചത് നാല് യുവാക്കൾ. ഉള്ളൂർ പ്രശാന്ത് നഗറിൽ കാർ ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചതിൽ മദ്യപിച്ച് വാഹനമോടിച്ച പാറശാല സ്വദേശി അശ്വിൻ അറസ്റ്റിലായി. കൊച്ചുവേളിയിൽ കാർ ബുള്ളറ്റിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. 

മുൻ ഭാഗം പൂർണ മായും തകർന്ന ഈ കാറിൻറെ സ്ഥിതി കാണുമ്പോൾ തന്നെ വേഗത ഊഹിക്കാം. തകർന്നു തരിപ്പണമായ ഈ ബൈക്കിൽ യാത്ര ചെയ്ത നെടുമങ്ങാട് സ്വദേശികളും സുഹൃത്തുക്കളുമായ 22 കാരൻ ഫവാസിനും   21 കാരൻ  ഫൈസിക്കും ദാരുണാന്ത്യം.  അപകടത്തിൽ എയർ ബാഗുകൾ പൊട്ടിയ നിലയിലുള്ള കാറിൽ മദ്യകുപ്പികളും  ഗ്ലാസും ചിതറിക്കിടക്കുന്നു. കാർ യാത്രക്കാരായ പാറശാല സ്വദേശികൾ അശ്വിൻ, അഭിൻ, അമൽ, ശരത് എന്നിവരെ പൊലീസ്  കസ്റ്റഡിയിലെടുത്തിരുന്നു. 3 പേർ മദ്യ ലഹരിയിലായിരുന്നു. മദ്യപിക്കാത്ത നാലാമനാണ്  കാർ ഓടിച്ചിരുന്നതെന്ന് യുവാക്കൾ വാദിച്ചെങ്കിലും സിസിടിവി പരിശോധനയിൽ മദ്യ ലഹരിയിലായിരുന്ന 

അശ്വിനാണ് അപകടം ഉണ്ടാക്കിയതെന്ന് തെളിഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. കൊച്ചുവേളിയിൽ കാറും ബുള്ളറ്റും കൂടിയിടിച്ച്  അപകടമുണ്ടായത് പുലർച്ചെ 2.20 നാണ്.

ബുള്ളറ്റ് ഓടിച്ചിരുന്ന പൂന്തുറ സ്വദേശി ഷഫാഅത്ത് , പിതൃ സഹോദര പുത്രനായ  മാണിക്യവിളാകം സ്വദേശി അബ്ബാസ് എന്നിവരാണ് മരിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ചത് ഉൾപ്പെടെ ചുമത്തിയാണ്  കാർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തത്. 

ENGLISH SUMMARY:

Thiruvananthapuram accident: Four youths died in two separate accidents in Thiruvananthapuram during New Year celebrations. In one incident, a car crashed into a bike, killing two, while in another, a car collided with a bullet, resulting in two more fatalities.