കൊച്ചി എംജി റോഡ് ചിക്കിങ് ഔട്ട്ലെറ്റിലെ സംഘർഷത്തിൽ മാനേജര്‍ ജോഷ്വയെ പിരിച്ചുവിട്ടു. മാനേജർക്ക് എതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ഔട്ട്ലെറ്റുകളിൽ അക്രമം അനുവദിക്കില്ലെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് മുൻഗണന എന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യംചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തി വീശുന്ന മാനേജർ. ഈ ദൃശ്യങ്ങൾ വൈറൽ ആയതോടെ, ചിക്കിങ്ങിനും മാനേജർക്കും എതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത് കടുത്ത വിമർശനം. പൊലീസ് കേസുമായി. പിന്നാലെ, മാനേജർക്കെതിരെ നടപടി. ഫോർട്ടുകൊച്ചി സ്വദേശിയായ മാനേജറെ പിരിച്ചുവിട്ടതായി മാനേജ്മെന്റ് വാർത്താക്കുറിപ്പ് ഇറക്കി. 

ഔട്ട്ലെറ്റിൽ നടന്ന ആക്രമണത്തെക്കുറിച്ച് പരിശോധിച്ചു വരികയാണ്, പോലീസ് അന്വേഷണവുമായി സഹകരിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ, ജീവനക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങളും പരിശീലനവും നൽകുമെന്നും കമ്പനി വാർത്താക്കുറുപ്പിൽ പറയുന്നു. കൂട്ടയിടിയിൽ പരുക്കേറ്റതിനെ തുടർന്ന്, മാനേജർ നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്, സിബിഎസ്ഇ സ്പോർട്സ് മീറ്റിന് കൊച്ചിയിലെത്തിയ വിദ്യാർത്ഥികൾക്ക് നേരെ മാനേജർ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

ENGLISH SUMMARY:

Kochi Chicking manager sacked after a violent incident. The manager was fired following a police case and strong criticism on social media due to the incident at the MG Road outlet.