ഛത്തീസ്ഗഡ് സ്വദേശി റാംനാരായണ്‍, പാലക്കാട്ട് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഉടന്‍ നോട്ടിസ് അയക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം പ്രിയങ്ക് കാനൂംഗോ മനോരമ ന്യൂസിനോട് പറഞ്ഞു. തമിഴ്നാട്ടിൽ ഒഡീഷ സ്വദേശിയെ ആക്രമിച്ചതിലും നടപടി ഉണ്ടാകും.

പല ദക്ഷിണേന്ത്യന്‍ സിനിമകളും ഭാഷാപരമായ വിവേചനം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും എന്നും പ്രിയങ്ക് കാനൂംഗോ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പ്രകോപന പരാമര്‍ശങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണം എന്നും പ്രിയങ്ക് കാനൂംഗോ പറഞ്ഞു.

ആക്രമണം നടത്തുന്നത് തീവ്ര നിലപാടുകാരെന്ന് പറഞ്ഞ കാനൂംഗോ, അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും വ്യക്തമാക്കി. ചില ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഭാഷാ വിവേചനം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇത്തരം സിനിമകള്‍ പ്രകോപനമായതാണ് ഇതര സംസ്ഥാനക്കാർക്കെതിരായ ആക്രമണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 17 നായിരുന്നു പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി റാംനാരായണ്‍ ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നക്. എസ്​സി–എസ്​ടി അതിക്രമം തടയൽ, ആൾകൂട്ടകൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 

31കാരനായ റാംനാരായണ്‍ നേരിട്ടത് അതിക്രൂരമർദനമായിരുന്നു. തലയിലും മുഖത്തും വടി വെച്ച് അടിച്ചെന്നും വയറിൽ പലതവണ ചവിട്ടിയെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. 

ENGLISH SUMMARY:

Palakkad Mob Lynching case is under investigation by the National Human Rights Commission following the death of Ramnarayan. The commission is also addressing language discrimination in South Indian cinema and the safety of migrant workers.